ചാവക്കാട്: കടപ്പുറം സുനാമി കോളനിയില്‍ കുന്നുകൂടുന്ന മാലിന്യം നീക്കം ചെയ്യാത്തത് പകര്‍ച്ചവ്യാധി പടരാന്‍ കാരണമാകുമെന്ന് ആശങ്ക. കോളനിയിലുള്ള 200ഓളം വീട്ടുകാര്‍ പുറന്തള്ളുന്ന മാലിന്യം സമീപത്തെ തോട്ടിലെ വെള്ളവുമായി കൂടിക്കലര്‍ന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കൂടിക്കലര്‍ന്ന് തോട്ടിലെ നീരൊഴുക്ക് പോലും നിലച്ചതിനാല്‍ മാലിന്യങ്ങള്‍ ഒഴുകിപ്പോകാതെ കിടക്കുകയാണ്. വളരെ ചെറിയ വിസ്തീര്‍ണ്ണമുള്ള സുനാമി കോളനിയില്‍ തൊട്ടുതൊട്ടുള്ള വീടുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.

ജനസാന്ദ്രതയേറിയ ഇവിടെനിന്ന് മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ പനി, കോളറ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തോടുകള്‍ അടിയന്തരമായി ശുചിയാക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കയ്യെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോളനിയില്‍ വീട് ലഭിച്ച പലരും അത് വാടകയ്ക്ക് നല്‍കി വേറെ താമസിക്കുന്നതായും പല വീട്ടുകാരും വീട് പൂട്ടി മറ്റിടങ്ങളിലാണ് താമസിക്കുന്നത് എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

അര്‍ഹതപ്പെട്ട പലരേയും അവഗണിച്ച് സ്ഥാപിത താല്‍പര്യം നോക്കിയാണ് പലര്‍ക്കും സുനാമി കോളനിയില്‍ വീട് അനുവദിച്ചതെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗവും സുനാമി കോളനിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സമീപകാലത്ത് പോലീസും എക്‌സൈസും പിടിച്ച കഞ്ചാവ്, മദ്യം, മയക്കുമരുന്നു കേസുകള്‍ കൂടുതലും സുനാമി കോളനിയെ കേന്ദ്രീകരിച്ചായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2012-ലാണ് ഒമ്പത് കോടിയോളം രൂപ ചെലവഴിച്ച് കടപ്പുറം പഞ്ചായത്തില്‍ സുനാമി പുനരധിവാസ പാര്‍പ്പിട പദ്ധതി പൂര്‍ത്തിയാക്കിയത്. 2.9 ഹെക്ടര്‍ ഭൂമിയിലായി 224 വീടുകളാണ് കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് നിര്‍മ്മിച്ചത്.