തൃപ്രയാര്‍: കുഞ്ഞുണ്ണിമാഷടക്കമുള്ള എഴുത്തുകാരുടെ സ്മാരകങ്ങളും സമഗ്ര ഭാഷാനിയമവും യാഥാര്‍ത്ഥ്യമാകാത്തത് രാഷ്ട്രീയ നേതൃത്വത്തിന്റെ അവഗണന മൂലമാണെന്ന് സാംസ്‌കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുഞ്ഞുണ്ണിമാഷുടെ ജന്മ ദിനത്തില്‍ ഗാന്ധിതീരം ഫൗണ്ടേഷനും നന്മ തൃപ്രയാര്‍ മേഖലാകമ്മിറ്റിയും അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നടത്തിയ കൂട്ടായ്മയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

മലയാളത്തോടും മലയാളത്തില്‍ എഴുതുന്നവരോടും അവഗണനയും അവജ്ഞയും പുലര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരളത്തിലുള്ളതെന്നും കൂട്ടായ്മ വിലയിരുത്തി. നാടകനടനും സംവിധായകനുമായ മനോമോഹനന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഗാന്ധിതീരം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തമ്പി കളത്തില്‍ അധ്യക്ഷനായി.

ഡയറക്ടര്‍ സി.കെ. ബിജോയ് കുഞ്ഞുണ്ണിമാഷെ അനുസ്മരിച്ചു. ടി.കെ. നവീനചന്ദ്രന്‍, കെ.ജി. ശേഖരന്‍, ഉമ്മര്‍ പഴുവില്‍, എന്‍.കെ. ഹരിശ്ചന്ദ്രന്‍, ഗോപി തൃപ്രയാര്‍, വത്സന്‍ പൊക്കാഞ്ചേരി, വിജയന്‍ അതിയാരത്ത് എന്നിവര്‍ സംസാരിച്ചു.
കവിയരങ്ങ് രാമചന്ദ്രന്‍ വേളേക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ. ദിനേശ് രാജ അധ്യക്ഷനായി. വനജ മധു, മോഹന്‍ തെങ്ങുമ്പുള്ളി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

നേരത്തെ കുഞ്ഞുണ്ണിമാഷുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. വലപ്പാട് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. കുട്ടന്‍, സി.ആര്‍. കാര്‍ത്തികേയന്‍, എന്‍.എസ്. ഗോപാലകൃഷ്ണന്‍, രാജന്‍ ഇയ്യാനി, ജയദീപ് മുറ്റിച്ചൂര്‍, സി.ബി. അശോക് കുമാര്‍, രാജു വെന്നിക്കല്‍, എ.ജി. രത്‌നകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.