thrishurതൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തേക്കിന്‍കാട്ടിലെ കൊക്കര്‍ണ്ണി പറമ്പ് ആനകളുടെ ദുരിതക്കളമാകുന്നു. ചെറിയചികിത്സ മാത്രം വേണ്ട നഖത്തിലെ പഴുപ്പുപോലും ജീവന്‍ എടുക്കുന്ന സ്ഥിതിയാകുകയാണ്. കാലില്‍ പഴുപ്പു ബാധിച്ച് നടക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയില്‍ ചികിത്സയിലാണ് തൃപ്രയാര്‍ രാമചന്ദ്രന്‍ ഇപ്പോള്‍ ഇവിടെ.
 
മാസങ്ങള്‍ക്കു മുമ്പ് ഗിരീശന്‍ എന്ന ആന ചരിഞ്ഞതും കാലിലെ പഴുപ്പ് അവഗണിച്ചതുമൂലമായിരുന്നു. ഇവിടത്തെ മിക്ക ആനകള്‍ക്കും ഏറിയും കുറഞ്ഞും പാദരോഗമുണ്ടുതാനും. കൃത്യമായ ചികിത്സ നല്‍കാതിരിക്കുക, പാപ്പാന്‍മാരെ അടിക്കടി മാറ്റുക, ആന നില്‍ക്കുന്ന സ്ഥലം ശുചിയായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയവയൊക്കെയാണ് കൊക്കര്‍ണ്ണിപ്പറമ്പ് ആനകളുടെ ദുരിത കേന്ദ്രമാക്കുന്നത്.
 
രാമചന്ദ്രന്റെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ഈ നിലയില്‍ എത്തിയത് അശ്രദ്ധമൂലമാണെന്നു ആനപ്രേമികള്‍ പറയുന്നു. അസുഖം മൂലം നടക്കാനാവാതായ രാമചന്ദ്രനെ കൊണ്ടു നിര്‍ത്തിയതും വൃത്തിഹീനമായ സ്ഥലത്തായിരുന്നു. പിന്നീടാണ് ഇവിടെനിന്നും മാറ്റിയത്. ഓരോ തവണ പാപ്പാന്‍മാരെ മാറ്റുമ്പോഴും ഇതിനെ നിയന്ത്രണത്തിലാക്കാന്‍ പലപ്പോഴും കടുത്ത ഭേദ്യങ്ങള്‍ വേണ്ടിവരുന്നു. വ്യക്തി വൈരാഗ്യങ്ങളും അനിഷ്ടങ്ങളും മൂലമുണ്ടാകുന്ന ഇത്തരം സ്ഥാനചലനങ്ങള്‍ ആനകളെയാണ് കൂടുതല്‍ ബാധിക്കുന്നത്.
 
പത്തുവര്‍ഷവും അതിലധികവും കൂടെ കൊണ്ടുനടന്ന ആനകളില്‍നിന്നും അകറ്റിയതിന്റെ വേദനയില്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച പോയ പാപ്പാന്‍മാരുമുണ്ട്. ഒരുമുന്നറിയിപ്പും ഇല്ലാതെയാണ് ഇത്തരം മാറ്റങ്ങള്‍ നടക്കുന്നതും. ആന നില്‍ക്കുന്ന സ്ഥലം ശുചിയാക്കുന്നതില്‍ ശ്രദ്ധകാണിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്. തീറ്റബാക്കിയും വെള്ളവും നിറഞ്ഞ കെട്ടുതറ പരിസരം കാലിലെ പഴുപ്പു പോലുള്ള അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈയിടെ കൊക്കര്‍ണ്ണി പറമ്പിലേക്ക് പുറത്തുനിന്നുള്ളവര്‍ കയറുന്നത് വിലക്കിയിട്ടുമുണ്ട്.
 
സുരക്ഷാ നടപടികളുടെ ഭാഗം എന്നു പറയാമെങ്കിലും ആനകളോടുചെയ്യുന്ന ക്രൂരതകള്‍ പുറം ലോകം അറിയാതെ പോകുകയും ചെയ്യുന്നു. മൂന്നുവര്‍ഷം മുമ്പ് നഖത്തില്‍ കയറിയ പഴുപ്പു നിസ്സാരവത്കരിച്ചതാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഗിരീശന്‍ എന്ന ആന ചരിയാന്‍ ഇടയാക്കിയത്.