തൃശ്ശൂര്‍: എസ്.ആര്‍.വി. മ്യൂസിക് സ്‌കൂളിനെ പെര്‍ഫോമിങ് ആര്‍ട്‌സ് കോളേജായി ഉയര്‍ത്തി. കോളേജിന്റെ സ്‌പെഷല്‍ ഓഫീസ് പ്രവര്‍ത്തനോദ്ഘാടന വേദിയിലാണ് മന്ത്രി അബ്ദുറബ്ബ് ഇക്കാര്യം അറിയിച്ചത്. എസ്.ആര്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്ന പേരിലായിരിക്കും കോളേജ് അറിയപ്പെടുക. തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കാമ്പസിലെ പഴയ കെട്ടിടത്തില്‍ത്തന്നെയായിരിക്കും കോളേജ് പ്രവര്‍ത്തിക്കുക.
കോളേജിന്റെ നവീകരണത്തിനും കോഴ്‌സുകളുടെ ആരംഭത്തിനുമായി 60 ലക്ഷം രൂപ സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളതായി അധ്യക്ഷനായ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടിയുള്ള നാല് കോഴ്‌സുകളായിരിക്കും എസ്.ആര്‍.വി. മ്യൂസിക് കോളേജില്‍ ഉണ്ടാവുക. തുടക്കത്തില്‍ ഓരോ കോഴ്‌സിനും പത്ത് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും അഡ്മിഷന്‍.
ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ബാബുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. മഹേഷ്, കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ ശശി, പ്രൊഫസര്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാ അധ്യാപക നിയമനം വേഗത്തിലാക്കുമെന്ന് അബ്ദുറബ്ബ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. മന്ത്രിസഭയുടെ അവസാന സമ്മേളനം നടക്കുന്നതിനുമുമ്പ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കും. സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെയും വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. കലാ വിദ്യാര്‍ത്ഥി സമരസമിതി സംസ്ഥാന കണ്‍വീനര്‍ എം. പ്രദീപന്‍, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് ചെയര്‍മാന്‍ സുധീന്ദ്രദാസ്, ജില്ലാ കണ്‍വീനര്‍ മണിപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.