തൃശ്ശൂര്‍: രാജ്യത്തെ ആദ്യത്തെ ആനചികിത്സാ ഗവേഷണ, പരിപാലന കേന്ദ്രം വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയില്‍ സ്ഥാപിക്കും. എലിഫെന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ആനകള്‍ക്കുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്​പത്രി വരുന്നത്. വിനായക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (വിസ്റ്റ്) എന്ന പേരില്‍ ട്രസ്റ്റ് തുടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമാണ് ആന ആസ്​പത്രി. വിസ്റ്റിന് ഫിബ്രവരിയില്‍ തറക്കല്ലിടുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. സുന്ദര്‍മേനോന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്തില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രോഗനിര്‍ണയത്തിന് ആനകളെ സ്‌കാന്‍ ചെയ്യുന്നതിനുള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തിലാവും ആന ആസ്​പത്രി നിര്‍മ്മിക്കുക. മദപ്പാടുള്ള ആനകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യം, ആനക്കുട്ടികള്‍ക്കും പാപ്പാന്‍മാര്‍ക്കുമുള്ള പരിശീലന കേന്ദ്രം, ആനകള്‍ക്കുള്ള പുനരധിവാസ കേന്ദ്രം, ഗവേഷണ കേന്ദ്രം, സഞ്ചരിക്കുന്ന ആനചികിത്സാ യൂണിറ്റ് തുടങ്ങിയവയും ഇവിടെയുണ്ടാവും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇത് യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.
വിനായക കോളേജ് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജി, വിനായക കോളേജ് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസ് എന്നിവയും ആദ്യഘട്ടത്തിലുണ്ടാവും. വെറ്ററിനറി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യുന്ന ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജി കോളേജില്‍ ബി. ടെക്. ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഫുഡ് ടെക്‌നോളജി കോഴ്‌സുകള്‍ തുടങ്ങും. ആയുഷ് വകുപ്പിന്റെ അനുമതിയോടെയാവും നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസ് കോളേജ് ആരംഭിക്കുക. രണ്ടാം ഘട്ടമായി വെറ്ററിനറി കോളേജും തുടങ്ങും.
ചിറ്റണ്ടയില്‍ ട്രസ്റ്റ് വാങ്ങിയ 31 ഏക്കര്‍ സ്ഥലത്താണ് ഇവ സ്ഥാപിക്കുകയെന്ന് സെക്രട്ടറി പി. ശശികുമാര്‍ പറഞ്ഞു. നൂറ് കോടി രൂപയോളമാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ആനപ്രേമികളെയും പൊതുജനങ്ങളെയും ട്രസ്റ്റില്‍ അംഗങ്ങളായി ചേര്‍ത്ത് ഇത് കണ്ടെത്താനാണ് ആലോചന. സംസ്ഥാനത്തെ ആന ഉടമകളും ആനകളെ ഇഷ്ടപ്പെടുന്നവരും ചേര്‍ന്ന് രൂപവത്കരിച്ച കൂട്ടായ്മയാണ് എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ്. വിസ്റ്റ് സ്‌പെഷല്‍ ഓഫീസറും അക്കാദമിക് കോ- ഓര്‍ഡിനേറ്ററുമായ ഡോ. വി. പ്രസാദ്, ട്രസ്റ്റ് അസി. സെക്രട്ടറിമാരായ ടി. മധു, പി.എസ്. രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ വി.എ. രവീന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.