തൃശ്ശൂര്‍: വിവര്‍ത്തകന്‍ ഇ.കെ. ദിവാകരന്‍ പോറ്റി ജന്മശതാബ്ദിയുടെ ഭാഗമായി പുത്തന്‍ചിറ ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ ഇ.കെ. ദിവാകരന്‍ പോറ്റി പുരസ്‌കാരം കവി കെ. സച്ചിദാനന്ദന്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി നടത്തിവരുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം 27-നും 28-നും ഇ.കെ. ദിവാകരന്‍ പോറ്റിയുടെ ജന്മനാടായ പുത്തന്‍ചിറയില്‍ നടക്കും. പുത്തന്‍ചിറ ഗവ. വി.എച്ച്.എസ്.എസില്‍ 27-ന് മൂന്നു മണിക്ക് ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഹരീഷ് ത്രിവേദി ഉദ്ഘാടനം ചെയ്യും. 28-ന് രാവിലെ പത്തരയ്ക്കുള്ള 'എഴുത്തും പ്രതിരോധവും' എന്ന സെമിനാറിന് പ്രഭാവര്‍മ അധ്യക്ഷനാകും. രണ്ടരയ്ക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇ.കെ. ദിവാകരന്‍ പോറ്റി പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി. മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.