തൃശ്ശൂര്‍: മദ്യം വാറ്റാന്‍ ചില സംസ്ഥാനങ്ങളിലെ ആദിവാസിവിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഇലിപ്പ മരം തൃശ്ശൂരിലും പൂത്തു. പൂക്കളും കായ്കളുമാണ് മദ്യ നിര്‍മാണത്തിന് ഉപയോഗിക്കുക.

നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വളപ്പിലാണ് മദുഗ ഇന്‍ഡിക എന്ന സസ്യനാമമുള്ള ഇലിപ്പ മരമുള്ളത്. ഇത് ആണ്‍മരമായതിനാല്‍ കായ്കളുണ്ടാകില്ല. എങ്കിലും പൂക്കള്‍ ധാരാളമുണ്ട്. വൈകീട്ട് ആറരയ്ക്കാണ് പൂക്കള്‍ വിരിയുക. രൂക്ഷഗന്ധമാണ്. പൂ വിരിയുന്ന സമയത്ത് ചിത്രശലഭങ്ങള്‍ കൂട്ടത്തോടെയെത്തും. വവ്വാലുകളും പക്ഷികളും എത്താറുണ്ട്.

ഇതിന്റെ പൂവില്‍ 78 ശതമാനം വരെ പഞ്ചസാരയുടെ അംശമുണ്ട്. പൂവിലെ കോശങ്ങളില്‍ യീസ്റ്റും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടാണ് ഈ പൂക്കള്‍ മദ്യം വാറ്റാനായി ഉപയോഗിക്കുന്നത്. ഇലകളിലും പൂക്കളിലും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ആയുര്‍വേദത്തില്‍ മരുന്നിനായി ഉപയോഗിക്കുന്ന ഇലിപ്പമരം നഗരങ്ങളില്‍ അപൂര്‍വമാണ്. തൊലി ചര്‍മരോഗ ചികിത്സയ്ക്കും ഇല വാതരോഗ മരുന്നിനുമായാണ് ഉപയോഗിക്കുക. ഫെബ്രുവരിമുതല്‍ മാര്‍ച്ചുവരെയാണ് പൂക്കുന്ന കാലം. കേരളത്തില്‍ അപൂര്‍വമായ മരത്തെപ്പറ്റി പഠിക്കാന്‍ സസ്യശാസ്ത്രവിദ്യാര്‍ഥികള്‍ ഈ മരം പൂക്കുന്ന സമയത്ത് തൃശ്ശൂരിലെത്താറുണ്ട്.