തൃശ്ശൂര്‍: പന്തയക്കുതിരയുടെ കാല്‍ തകര്‍ന്നാല്‍ പിന്നെ അതിനെ വെച്ചേക്കില്ല. വെടിവെച്ചു കൊല്ലും. അതേ അവസ്ഥയായിരുന്നു എന്റേതും.വെടിയേറ്റവനേപ്പോലെ മൈതാനത്തുനിന്ന് മിണ്ടാതെ മടങ്ങി.

ട്രോഫികള്‍ക്കും ഉപഹാരങ്ങള്‍ക്കും അരികിലിരുന്ന് ജോസ് കാട്ടൂക്കാരനിത് പറയുമ്പോള്‍ ശിഷ്യന്മാര്‍ കേരളത്തിനകത്തും പുറത്തും മൈതാനം നിറയുകയാണ്. കളത്തില്‍നിന്നുള്ള തന്റെ മടക്കത്തിന്റെ കഥപറയുമ്പോള്‍ ജോസിന്റെ കണ്ണ് നിറയും.

സന്തോഷ് ട്രോഫി ക്യാമ്പില്‍നിന്ന് വലതുകാലിനേറ്റ പരിക്കുമായി ജോസ് മടങ്ങുമ്പോഴും കാല്‍പ്പന്തുമാത്രമായിരുന്നു ഉള്ളില്‍. ചികിത്സകള്‍ക്കൊടുവില്‍ കളിയിലേക്ക് മടക്കം പറ്റില്ലെന്ന തിരിച്ചറിവിലാണ് ഫുട്‌ബോള്‍തന്നെ ഇനിയും ജീവിതമെന്ന് ജോസ് ഒന്നുകൂടി ഉറപ്പിച്ചത്. അങ്ങനെയാണ് ഒല്ലൂര്‍ സ്മാര്‍ട്ടോ ഫുട്‌ബോള്‍ അക്കാദമി ഉണ്ടായത്.കാല്‍പ്പന്തുകളി പഠിക്കാനൊരു സൗജന്യപഠനകേന്ദ്രം. ഒല്ലൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ കായികാധ്യാപകജോലിക്കിടെയാണ് പരിശീലകവേഷം.

ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, സത്യന്‍, ഷറഫലി, കുരികേശ് മാത്യു തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ജോസിന്റെയും കളിപ്രവേശം. എന്നാല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ പന്തുതട്ടലും വീഴ്ചയും ജോസിനിട്ട ഫുള്‍ സ്റ്റോപ്പ് ശിഷ്യരായ താരങ്ങളിലൂടെ മാറ്റിയെടുക്കുകയാണിപ്പോള്‍. അനൂപ് പോളി (നേവി), മെല്‍വിന്‍ (സര്‍വീസസ്), മറ്റു താരങ്ങളായ എം.എസ്. ജിതിന്‍ സജാസ്, ഇമ്മാനുവല്‍ തുടങ്ങിയ ഇന്ത്യന്‍ നിലവരത്തിലുള്ള കളിക്കാര്‍ ഇതിനു തെളിവ്.

ജോസിന്റെ കളിക്കമ്പം അച്ഛന്‍ കാട്ടൂക്കാരന്‍ ബേബിക്കും അമ്മ ചിന്നമ്മയ്ക്കുമൊന്നും സഹിക്കാനാവുമായിരുന്നില്ല. പക്ഷേ തൃശ്ശൂരിലെ ചാക്കോള സ്വര്‍ണക്കപ്പിനുള്ള കളിയും മൈതാനങ്ങളും പരിചയമായ ജോസ് വീട്ടുകാരെ വകവെച്ചില്ല. കളിക്കളങ്ങളിലേക്ക് ജോസ് പടര്‍ന്നതോടെ മുംബൈ ഓര്‍ക്കെ സില്‍ക്‌സ്, യൂണിയന്‍ബാങ്ക് തുടങ്ങി പല ടീമുകളിലമെത്തി. ഇന്ത്യയൊട്ടുക്ക് കളികള്‍, സെവന്‍സുകള്‍. ഒടുവില്‍ സന്തോഷ് ട്രോഫിയിലേക്കും. സ്റ്റേഡിയത്തിലെ വീഴ്ചയില്‍ വലതുകാലിലെ ലിഗ ്‌മെന്റ് തകരാറിലായതോടെ വീട്ടിലേക്കെങ്ങനെ മടങ്ങും എന്നായിരുന്നു ചിന്ത. ഒടുവില്‍ വീട്ടിലെത്തി പൊരുത്തപ്പെട്ടു.

ജീവിക്കാന്‍ പച്ചക്കറി-സ്റ്റേഷനറി കട തുടങ്ങി. കല്യാണമായി. പിന്നീട് പരിശീലകനുള്ള ലൈസന്‍സ് എടുത്തു. അക്കാദമിക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരമായി. ഒല്ലൂര്‍ ഫൊറോന പള്ളിക്ക് എതിര്‍വശത്ത് വീടിന്റെ താഴത്തെ നിലയില്‍ രണ്ടുവ്യാപാരസ്ഥാപനങ്ങളിലെയും അധ്യാപക ജോലിയുടെയും വരുമാനത്തിന്റെ ഒരുവിഹിതം സ്‌പോണ്‍സര്‍മാരില്ലാത്ത അക്കാദമിക്കായി മാറ്റുന്നു. ഭര്‍ത്താവിന്റെ കാല്‍പ്പന്തുകളിപ്രണയത്തെ ഹെലനും ബിരുദവിദ്യാര്‍ഥികളായ ഷോണിമയും ബോക്‌സിങ് താരമായ ബ്രിട്ടോയും എന്നേ കൂടെക്കൂട്ടിക്കഴിഞ്ഞു.