തൃശ്ശൂര്‍: രമണന്മാര്‍ നിറഞ്ഞ ചങ്ങമ്പുഴ ഹാളില്‍ തിളങ്ങിനിന്നത് ജീവിതത്തില്‍ ഒന്നിച്ച പാലക്കാട് എലപ്പുള്ളിയിലെ രമണനും ചന്ദ്രികയും. സാഹിത്യ അക്കാദമിയില്‍ നടന്ന രമണസംഗമത്തിലാണ് കേരളത്തിലെ രമണന്‍ നാമധാരികള്‍ ഒത്തുചേര്‍ന്നത്. വേദിയില്‍ 'വയലാറിന്റെ ആയിഷ' കഥാപ്രസംഗം അവതരിപ്പിച്ച കാഥികന്‍ ആലപ്പി രമണന് ലഭിച്ചത് അപൂര്‍വ അംഗീകാരം. വയലാര്‍ രാമവര്‍മയുടെ മകള്‍ യമുന കൊടുത്തയച്ച പൊന്നാടയണിയിച്ചാണ് രമണന്മാര്‍ അദ്ദേഹത്തെ ആദരിച്ചത്.

രമണീയത്തിലേയ്ക്ക് കൂടുതല്‍ രമണന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രസ്റ്റ്. രമണീയം ട്രസ്റ്റിന് ലക്ഷ്യങ്ങളേറെ. രമണനെന്ന പേര് പ്രോത്സാഹിപ്പിക്കുക, ചങ്ങമ്പുഴയുടെ തപാല്‍സ്റ്റാമ്പ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക, ചങ്ങമ്പുഴയുടെ പേരില്‍ പുരസ്‌കാരം നല്‍കുക, വിദ്യാര്‍ഥികള്‍ക്കായി മത്സരം സംഘടിപ്പിക്കുക തുടങ്ങിയവയാണത്. 2016-ല്‍ പാലക്കാട്ടുവെച്ചാണ് ആദ്യമായി രമണസംഗമം നടക്കുന്നത്. 2017 ജനുവരിയില്‍ ഇടപ്പള്ളിയിലും. നിലവില്‍ ട്രസ്റ്റില്‍ അമ്പതോളം രമണന്മാരാണുള്ളത്.

ചങ്ങമ്പുഴ സായാഹ്നവും രമണീയം ട്രസ്റ്റ് ഉദ്ഘാടനവും കെ.പി. രമണന്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ എം.സി. രമണന്‍ അധ്യക്ഷനായി. പിരപ്പന്‍കോട് മുരളി മുഖ്യപ്രഭാഷണം നടത്തി. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സമ്പൂര്‍ണകൃതികള്‍ പിരപ്പന്‍കോട് മുരളി ട്രസ്റ്റിന് സംഭാവന ചെയ്തു. സംഘത്തിലെ ഏറ്റവും പ്രായമുള്ളയാളായ ഇരിങ്ങാലക്കുട സ്വദേശി പി.കെ. രമണനെ ചടങ്ങില്‍ ആദരിച്ചു. ഇ. രമണന്‍, ആര്‍. രഞ്ജിനി തുടങ്ങിയവര്‍ ചങ്ങമ്പുഴക്കവിതകള്‍ ആലപിച്ചു. വി.ടി. വാസുദേവന്‍, ഷീബ അമീര്‍, പി.എം. ഷുക്കൂര്‍, സെക്രട്ടറി എസ്. രമണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.