തൃശ്ശൂര്‍: ഈഡിപ്പസ് രാജാവിന്റെ മനസ്സിലേക്ക് കഥകളിയിലൂടൊരു യാത്ര. ആട്ടത്തിലും പാട്ടിലും മേളത്തിലും ഒട്ടേറെ പുതുമകളോടെ ഈഡിപ്പസ് തിങ്കളാഴ്ച ആട്ടവേദിയിലെത്തുന്നു. വൈകീട്ട് ആറരയ്ക്ക് തൃശ്ശൂര്‍ റീജണല്‍ തിയേറ്ററില്‍.

സോഫോക്ലീസ് രചിച്ച ഗ്രീക്ക് നാടകത്തിന്റെ ഭാവഭംഗി ഒട്ടും ചോരാതെയാണ് കഥകളിയിലേക്ക് ഈഡിപ്പസിനെ പറിച്ചുനടുന്നത്. കഥകളിയുടെ തനതുശൈലി ഒട്ടും ചോരാതെയും.

ഈഡിപ്പസ് കഥയ്ക്ക് ലോകത്താകമാനം അനേകം വേദികളില്‍ രംഗഭാഷ്യം ഒരുക്കിയിട്ടുണ്ടെങ്കിലും രണ്ടുതവണ കഥകളിയായി വന്നിട്ടുണ്ടെങ്കലും ഒട്ടേറെ മാറ്റങ്ങളും പുതുമകളും ഇത്തവണത്തെ അവതരണത്തില്‍ ഉണ്ടെന്ന് ഈഡിപ്പസ് രാജാവായെത്തുന്ന കലാമണ്ഡലം കൃഷ്ണകുമാര്‍ പറഞ്ഞു.

പരേതനായ ശങ്കരനാരായണനും എന്‍.വി. രാജനുമാണ് നാടകത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കഥകളിഭാഷ്യം ഒരുക്കിയത്. നേരത്തേ പാലക്കാട് കഥകളി ക്ലബ്ബിലടക്കം രണ്ടിടത്ത് അവതരിപ്പിച്ചെങ്കിലും പിന്നീട് ആരും ശ്രദ്ധിച്ചില്ല.

ഒടുവില്‍ കൃഷ്ണകുമാറും ശങ്കരനാരായണന്റെ സഹോദരനും കലാമണ്ഡലത്തിലെ അധ്യാപകനുമായ ശിവരാമനും കൈകോര്‍ത്താണ് വീണ്ടും ഈഡിപ്പസ് ആട്ടവിളക്കിന് മുന്നിലെത്തിക്കുന്നത്. സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന ഈഡിപ്പസിന്റെ കഥകളിഭാഷ്യം മൂന്നരമണിക്കൂര്‍ ഉണ്ടാകും.

തൃശ്ശൂരില്‍ സംഗീത നാടക അക്കാദമിയുടെ വജ്രജൂബിലിക്ക് ഇക്കഥയുടെ അവതരണത്തിന് മുന്‍കയ്യെടുത്തത് സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായരാണ്.

കലാമണ്ഡലത്തില്‍ കഥകളിവിഭാഗം തലവനും എം.ജി. സര്‍വകലാശാലയില്‍ ഡീനുമായ കൃഷ്ണകുമാറിന് ഒപ്പം പ്രമുഖരുടെ നിരയുണ്ട് ആടാനും പാടാനുമൊക്കെ.

ചെര്‍പ്പുളശ്ശേരി മഞ്ജുതര കഥകളിസംഘമാണ് അവതാരകര്‍. ലയൂസ് രാജാവാകുന്നത് കലാമണ്ഡലം ഹരിനാരായണനാണ്. സ്ഥിങ്‌സായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, രാജപത്‌നി യക്കോസ്തയായി പീശപ്പിള്ളി രാജീവ്, ക്രയോണായി കലാമണ്ഡലം സോമന്‍, തിറേസിയസായി കലാമണ്ഡലം മനോജും ഗ്രാമമുഖ്യനായി ആര്‍.എല്‍.വി. പ്രമോദും രംഗത്തെത്തുന്നു.

ഈഡിപ്പസ് രാജാവിന്റെ സൂര്യദേവനോടുള്ള പ്രാര്‍ഥനയിലാണ് കളിയുടെ തുടക്കം. എട്ട് രംഗങ്ങള്‍. രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്ത് ഈഡിപ്പസ് പലായനം ചെയ്യുന്നിടത്ത് കളിയവസാനിക്കുന്നു.

കോട്ടയ്ക്കല്‍ മധു, നെടുമ്പുള്ളി റാംമോഹന്‍ (പാട്ട്), കലാമണ്ഡലം ബാലസുന്ദരന്‍ (ചെണ്ട), കലാമണ്ഡലം ഹരിദാസ് (മദ്ദളം), കലാമണ്ഡലം ശിവരാമന്‍, കലാമണ്ഡലം സുധീഷ് (ചുട്ടി) തുടങ്ങിയവരാണ് പിന്നണിയില്‍.