തൃശ്ശൂര്‍: രാജ്യത്ത് നിലനില്‍ക്കുന്ന ജാതി, ലിംഗ വിവേചനം അവസാനിപ്പിച്ചാല്‍ മാത്രമേ സോഷ്യലിസം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനാകൂ എന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. തൃശ്ശൂരില്‍ ഇ.എം.എസ്. സ്മൃതിയില്‍ 'സോഷ്യലിസത്തിലേക്കുള്ള പാത' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിത്തത്തിന്റെ അവശേഷിപ്പാണ് ജാതിവ്യവസ്ഥയും അതിലൂന്നിയ വിവേചനവും. ബൂര്‍ഷ്വാ ചിന്താഗതിയില്‍ നിന്ന് ഉടലെടുത്തതാണത്. അതിനാല്‍ സോഷ്യലിസത്തിനായുള്ള പോരാട്ടം ജാതിവ്യവസ്ഥയ്‌ക്കെതിരായുള്ള പോരാട്ടം കൂടിയാകണം. ലിംഗഭേദമെന്യേ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കിയെങ്കില്‍ മാത്രമേ സോഷ്യലിസം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കിയെന്ന് പറയാനാകൂ. സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതി മുതലാളിത്തത്തിന്റെ സംഭാവനയാണ്.

ജാതി, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ശക്തമായ സാമൂഹിക, നിയമ നടപടികള്‍ വേണം. ജാതിവ്യവസ്ഥയിലുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കുന്നത് കനത്ത വെല്ലുവിളിയാണ്. താത്ത്വികമായതും ഒപ്പം രാഷ്ട്രീയത്തില്‍ അടിത്തറ പാകിയതുമായ പോരാട്ടത്തിന്റെ ഉത്പന്നമായിരിക്കും ഇന്ത്യന്‍ വ്യവസ്ഥിതിയെ അടിസ്ഥാനമാക്കിയ സോഷ്യലിസമെന്നും കാരാട്ട് പറഞ്ഞു.

എം.എം. വര്‍ഗീസ് അധ്യക്ഷനായി. എം.എല്‍.എ.മാരായ കെ.വി. അബ്ദുള്‍ഖാദര്‍, എം. സ്വരാജ് തുടങ്ങിയവര്‍ സംസാരിച്ചു.