തൃശ്ശൂര്‍: ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ലോറി ഉടമകള്‍ നടത്തുന്ന അനിശ്ചിതകാലസമരം ആരംഭിച്ചു. ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ജില്ലയിലെ 4,000 ത്തോളം ലോറികളാണ് പണിമുടക്കാരംഭിച്ചത്.

ഇതോെട വിപണികളിലടക്കം ചരക്കുനീക്കം തടസ്സപ്പെട്ടു. കേരളത്തിനുപുറമേ തമിഴ്‌നാട് കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നുള്ള ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികളും വ്യാഴാഴ്ച രാത്രി മുതല്‍ എത്താതാവുന്നതോടെ സംസ്ഥാനത്തേക്കുള്ള പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വരവ് പൂര്‍ണമായും നിലയ്ക്കുമെന്ന സ്ഥിതിയാണ്.ശക്തന്‍ മാര്‍ക്കറ്റ്, അരിയങ്ങാടി തുടങ്ങിയ പ്രധാനവിപണികളെയും സമരം ബാധിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് വര്‍ധനയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മോട്ടോര്‍വാഹന പണിമുടക്കും നടക്കും.

എന്നാല്‍, ലോറി ഉടമകള്‍ അനിശ്ചിതകാലത്തേക്കാണ് പണിമുടക്ക് നടത്തുന്നത്. അവശ്യസര്‍വീസുകളായ ഇന്ധന ടാങ്കര്‍ലോറികള്‍, പാചകവാതക ടാങ്കറുകള്‍ എന്നിവയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്‍ഷുറന്‍സ് പ്രീമിയം വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ലോറി വ്യവസായത്തിന് വന്‍ തിരിച്ചടിയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പുതുക്കിയ നിരക്കനുസരിച്ച് പത്തുടണ്‍ ഭാരം കയറ്റാവുന്ന ലോറിക്ക് ഇന്‍ഷുറന്‍സ് പ്രീമിയം 2,600-ല്‍ നിന്ന് 3,600 ആയി ഉയരും. ചരക്കുനീക്കത്തെ തകര്‍ക്കുന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെയും ഹരിതട്രൈബ്യൂണലിന്റെയും നടപടിയില്‍ ലോറി ഉടമകളുടെ അസോസിയേഷന്‍യോഗം പ്രതിഷേധിച്ചു. പി.കെ. ജോണ്‍ അധ്യക്ഷനായി.

സാധനങ്ങള്‍ കയറ്റി ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ലോറികള്‍ ചരക്കിറക്കിയശേഷം സമരത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ലോറിസമരത്തെ നേരിടാനായി മൊത്തവ്യാപാരികള്‍ കൂടുതല്‍ ചരക്ക് സംഭരിക്കുന്നുണ്ട്. എന്നാല്‍, സമരം നീണ്ടാല്‍ അവശ്യസാധനങ്ങളുടെ ക്ഷാമവും ഒപ്പം വിലക്കയറ്റവും രൂക്ഷമാകും.