തൃശ്ശൂര്‍: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന പി.ജി. ദീപക്കിനെ വധിച്ച കേസില്‍ വിചാരണ തുടങ്ങി.
ജില്ലാ അതിവേഗ കോടതി (ഒന്ന്) ജഡ്ജി നിക്‌സണ്‍ എം. ജോസഫിന് മുമ്പിലാണ് ശനിയാഴ്ച രാവിലെ വിചാരണ ആരംഭിച്ചത്. വെരിക്കോസ് വെയിന്‍ ഓപ്പറേഷനുവേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന നാലാംപ്രതി എം.ആര്‍. രാജേഷടക്കം കേസിലെ പത്ത് പ്രതികളും രാവിലെ 10.30 ഓടെ കോടതിയിലെത്തിയ ശേഷമാണ് നടപടികള്‍ തുടങ്ങിയത്.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള ഒന്നാം സാക്ഷി സജീവന്റെ പ്രോസിക്യൂഷന്‍ വിസ്താരവും ക്രോസ് വിസ്താരവുമാണ് ശനിയാഴ്ച നടന്നത്. പ്രോസിക്യൂഷന്‍ വിസ്താരം ഉച്ചയ്ക്ക് 1.15 ഓടെ അവസാനിച്ചു. തുടര്‍ന്ന് 2.30ന് ആരംഭിച്ച ക്രോസ് വിസ്താരം അഞ്ച് വരെ നീണ്ടു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണ്‍ ജോണ്‍, അഡ്വ. എ.പി. വാസവന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ. ജയചന്ദ്രന്‍ എന്നിവരാണ് ഹാജരായത്.
ഒന്നാംസാക്ഷിയുടെ ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും.
മുഖംമറച്ചെത്തിയ നാല്‍വര്‍ സംഘമാണ് ദീപക്കിനെ പഴുവില്‍ സെന്ററിലെ റേഷന്‍ കടയ്ക്ക് മുന്നില്‍വെച്ച് ആക്രമിച്ചതെന്ന് കേസിലെ ദൃക്‌സാക്ഷികളിലൊരാളായ സജീവന്‍ പറഞ്ഞു. മൂന്ന് മിനുട്ടിനുള്ളില്‍ ആക്രമണം കഴിഞ്ഞ് സംഘം റോഡിന് കിഴക്കുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പച്ചനിറമുള്ള വാനില്‍ രക്ഷപ്പെട്ടതായും സാക്ഷി കോടതിയെ അറിയിച്ചു.
ദീപക്കിന്റെ കഴുത്തിന് പിന്നില്‍ കുത്തിവീഴ്ത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പ്രതി കെ.യു. നിജിന്‍ അടക്കം നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്ത അഞ്ച് പ്രതികളെയും സാക്ഷി കോടതി മുറിയില്‍ തിരിച്ചറിഞ്ഞു. ആക്രമണത്തില്‍ സജീവനും പരിക്കേറ്റിരുന്നു.
കൃത്യത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളില്‍ കത്തി ഒഴികെയുള്ളവയും കോടതിയില്‍ തിരിച്ചറിഞ്ഞു. ശിവന്‍ എന്ന ആളുമായുള്ള വ്യക്തിവൈരാഗ്യമാണ് ദീപക്കിന്റെ വധത്തിനുപിന്നിലെന്ന് കരുതുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍ ജോണിന്റെ ചോദ്യത്തിനുത്തരമായി സജീവന്‍ പറഞ്ഞു. സംഭവസമയത്ത് റേഷന്‍കടയുടെ സമീപത്തെ രണ്ട് തെരുവുവിളക്കുകള്‍ കത്തിയിരുന്നെന്നും സമീപത്തെ കടകളില്‍നിന്നുള്ള വെളിച്ചമുണ്ടായിരുന്നതും ആക്രമണസംഘത്തില്‍ പ്പെട്ടവരുടെ രൂപം തിരിച്ചറിയാന്‍ തനിക്ക് സഹായകരമായെന്ന് സാക്ഷി വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 139 സാക്ഷികളുടെ പട്ടികയാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
2015 മാര്‍ച്ച് 24ന് രാത്രി 8.30 ഓടെയാണ് പഴുവില്‍ സെന്റിലെ സ്വന്തം റേഷന്‍ കടയ്ക്ക് മുന്നില്‍ ദീപക്കിന് കുത്തേറ്റത്.തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദീപക് മരിച്ചു. കേസിലെ പത്ത് പ്രതികളും പോലീസ് പിടിയിലായി. ഇതില്‍ അഞ്ചുപേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ചേര്‍പ്പ് സി.ഐ. ആയിരുന്ന കെ.സി. സേതുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.