തൃശ്ശൂര്‍: കുഞ്ഞുപുസ്തകങ്ങളുടെ വലിയ ശേഖരവുമായി സത്താര്‍ ആദൂറിന് ഗിന്നസ് നേട്ടം. സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലൂടെ ലാര്‍ജസ്റ്റ് കളക്ഷന്‍ ഓഫ് മിനിയേച്ചര്‍ ബുക്‌സ് എന്ന വിഭാഗത്തിലാണ് സത്താര്‍ ഗിന്നസ് നേട്ടത്തിന് അര്‍ഹനായത്.
ഒന്നുമുതല്‍ അഞ്ചുസെന്റിമീറ്റര്‍വരെ മാത്രം വലിപ്പമുള്ള 3137 പുസ്തകങ്ങളുടെ ശേഖരവുമായാണ് സത്താര്‍ ആദൂര്‍ ഈ വിഭാഗത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിത്. അസര്‍ബൈജാന്‍ രാജ്യത്തിലെ ബാക്കുവിലുള്ള സലാഖോവ സാരിഫ തൈമൂര്‍ ഗൈസിയുടെ പേരിലാണ് ഈ വിഭാഗത്തിലെ നിലവിലുള്ള റെക്കോര്‍ഡ്. ഗൈസിയുടെ നിലവിലുള്ള 2913 പുസ്തകങ്ങളുടെ റെക്കോര്‍ഡാണ് സത്താര്‍ മറികടന്നത്.
അധികൃതര്‍ക്ക് എണ്ണി തിട്ടപ്പെടുത്തുന്നതിന് സൗകര്യത്തിനായി പ്രത്യേകം തയ്യാറാക്കിയ അലമാരയിലാണ് പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. യു.ആര്‍.എഫ്. ഇന്ത്യന്‍ ജൂറിയും ഗിന്നസ് റെക്കോര്‍ഡ് ഉടമയുമായ ഡോ. സുനില്‍ ജോസഫ് പ്രദര്‍ശനം ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായതായി പ്രഖ്യാപിച്ചു. ഗിന്നസ് ലോക റെക്കോര്‍ഡ്‌സിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രദര്‍ശനത്തിന്റെ ആദ്യാവസാനം വീഡിയോയില്‍ ചിത്രീകരിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലുമായി 2710 കഥകളും 427 കവിതകളും അടങ്ങിയ ശേഖരത്തില്‍ ആദ്യ പുസ്ത'കമായ 'എസ് എം. എസ്' മുതല്‍ അവസാനത്തേതായ 'ആധാര്‍' വരെ ഉള്‍പ്പെടുന്നു. അഞ്ച് മില്ലിമീറ്റര്‍ മുതല്‍ ഏഴ് മില്ലിമീറ്റര്‍ വരെയുള്ള അക്ഷര അളവുകളില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഭൂതക്കണ്ണാടിയുടെ സഹായമില്ലാതെ വായിക്കാമെന്ന് സത്താര്‍ പറഞ്ഞു.
പ്രദര്‍ശനം സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ഗിന്നസ് റെക്കോഡ് ഉടമകളായ സെബാസ്റ്റ്യന്‍ ഗിത്താറും മുരളി നാരായണന്‍ പുല്ലാങ്കുഴലും വായിച്ചു. കെ.രാജന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയരാഘവന്‍, കെ.സി. സുബ്രഹ്മണ്യന്‍, ഗിന്നസ് റെക്കോര്‍ഡ് ജേതാക്കളായ ഡോ. മാടസ്വാമി, കലാമണ്ഡലം ഹേമലത, അനില്‍, പ്രജീഷ് കണ്ണന്‍, ജോണ്‍സണ്‍, രാജു എന്നിവര്‍ സംസാരിച്ചു.