വെള്ളാങ്ങല്ലൂര്‍: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന രണ്ടാമത് മൊയ്-തായ് മാര്‍ഷല്‍ ആര്‍ട്‌സ് ഗെയിംസ് ആന്‍ഡ് ഫെസ്റ്റിവലിലെ 75 കിലോ വിഭാഗം പോരാട്ടത്തില്‍ മുഹമ്മദ് ഷുഹൈബ് അടങ്ങിയ ഇന്ത്യന്‍ ടീമിന് വെള്ളി.

കരൂപ്പടന്ന അറക്കല്‍ വീട്ടില്‍ മുഹമ്മദ് നജീബിന്റെയും ഷാഹിദയുടെയും മകനാണ് മുഹമ്മദ് ഷുഹൈബ്. 53 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു. ഇറ്റലി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ പരാജയപ്പെടുത്തിയ ഷുഹൈബ് ഫൈനലില്‍ ഫ്രാന്‍സില്‍ നിന്നുള്ള മത്സരാര്‍ത്ഥിയോട് രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്.

കഴിഞ്ഞ നവംബറില്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ ചാമ്പ്യനായിരുന്നു ഷുഹൈബ്. 19 വയസ്സുകാരനായ ഷുഹൈബ് നാലുവര്‍ഷമായി കോണത്തുകുന്ന് മസ്‌കുലര്‍ ഫിറ്റ്‌നസ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബില്‍ പരിശീലിക്കുന്നു. അഷ്‌കര്‍ ബഷീര്‍ ആണ് പരിശീലകന്‍.

ദിവസേന അഞ്ചു മണിക്കൂറോളം പരിശീലനം നടത്തുന്ന ഷുഹൈബ് രണ്ടു വര്‍ഷം മുമ്പ് മൊയ്-തായ് ബ്ലാക്ക് ബെല്‍ട്ട് കരസ്ഥമാക്കി. രണ്ട് വര്‍ഷമായി ദേശീയചാമ്പ്യനാണ്.