കുന്നംകുളം: ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ആവശ്യപ്പെട്ടയാള്‍ക്ക് കിട്ടിയത് ബെല്‍റ്റും പഴ്‌സും. ഒറ്റപ്പിലാവ് വെള്ളാരംക്കുന്ന് പ്രഭാകരന്റെ മകന്‍ മഹേഷ് (19) ആണ് തട്ടിപ്പിന് ഇരയായത്.

ഒരുമാസം മുമ്പ് വന്ന നെറ്റ് കോളിലെ ഓഫറിലാണ് മഹേഷ് സ്മാര്‍ട്ട് ഫോണ്‍ ബുക്ക് ചെയ്തത്. 14,000 രൂപ വിലയുള്ള ഫോണ്‍ 80 ശതമാനം വിലക്കിഴിവില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. തപാല്‍ വഴി പാഴ്‌സല്‍ എത്തുമ്പോള്‍ പണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം തപാല്‍ ഓഫീസില്‍നിന്ന് പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചു.
 
3,500 രൂപ അടച്ച് തപാല്‍ സ്വീകരിച്ചു. തുറന്ന് നോക്കിയപ്പോള്‍ ഭംഗിയായി പൊതിഞ്ഞ പെട്ടിയില്‍ ബെല്‍റ്റും പഴ്‌സുമാണ് ഉണ്ടായിരുന്നത്. തപാല്‍ ഓഫീസിലെ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

വലിയ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെന്ന് പോലീസ് പറയുന്നു. പാഴ്‌സലിനോടൊപ്പം ഉണ്ടായിരുന്ന നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.