ചാവക്കാട്: കടലാമകളുടെ സംരക്ഷണത്തിനായി ഉദ്യോഗസ്ഥസമിതികള്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശം ഒന്നരവര്‍ഷമായിട്ടും നടപ്പിലായില്ല. 2016 ജനുവരി ആറിനാണ് ഫിഷറീസ് ഡയറക്ടര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി ഈ നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ ഒന്പത് തീരദേശ ജില്ലകളില്‍ ഫിഷറീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിദ്യാര്‍ഥികളും മറ്റുമടങ്ങുന്ന സമിതികള്‍ രൂപവത്കരിക്കണമെന്നായിരുന്നു നിര്‍ദേശം. വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികളിലും തീരദേശവാസികളിലും പ്രവര്‍ത്തനം നടത്തുകയായിരുന്നു ലക്ഷ്യം. മാംസത്തിനും മുട്ടയ്ക്കും പുറംതോടിനുമായി വന്‍തോതില്‍ കടലാമകള്‍ വേട്ടയാടപ്പെടുന്നുണ്ട്. മലിനീകരണം, തീരദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കടല്‍ഭിത്തി നിര്‍മാണം, ആഗോളതാപനം തുടങ്ങിയവയും കടലാമകളുടെ നാശത്തിന് ആക്കംകൂട്ടുന്നു.

പ്രജനനത്തിനായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന പെണ്‍കടലാമകള്‍ രാത്രിയില്‍ കരയിലേക്ക് ഇഴഞ്ഞുകയറി വലിയ കുഴിയുണ്ടാക്കി മുട്ടയിട്ട് തിരികെപ്പോവും. മുട്ട വിരിഞ്ഞുകഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ സ്വയം ആഴക്കടല്‍ ലക്ഷ്യമാക്കി പോകുന്നു. ഇവയില്‍ വളരെ കുറച്ചു മാത്രമേ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് കടലില്‍ സുരക്ഷിതമായി എത്തുകയുള്ളൂ. ഇവയ്ക്ക് സംരക്ഷണം ഒരുക്കാന്‍ കടലോരവാസികളെ പ്രേരിപ്പിക്കുകയായിരുന്നു സമിതികളുടെ ലക്ഷ്യം. ന്യൂസ് ഫോര്‍ ടര്‍ട്ടില്‍ പ്രൊട്ടക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രവി പനയ്ക്കല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. പ്രാദേശികമായി സന്നദ്ധസംഘടനകള്‍ കടലാമസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍തലത്തില്‍ ഇതിനായി ഒരു ശ്രമം ഇനിയും ഉണ്ടായിട്ടില്ല.