പുതുക്കാട്: ശക്തമായ വരള്‍ച്ച നേരിടുന്ന മണലിപ്പുഴയില്‍ വെള്ളമെത്തിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍. പീച്ചിഡാം തുറന്ന് പുഴയിലേക്ക് വെള്ളം വിടാന്‍ മന്ത്രി സി. രവീന്ദ്രനാഥിന്റെ ആവശ്യപ്രകാരം അഡീ. ചീഫ് സെക്രട്ടറി ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
പുതുക്കാട് മണ്ഡലത്തിലെ തൃക്കൂര്‍, നെന്മണിക്കര, അളഗപ്പനഗര്‍, വല്ലച്ചിറ, പറപ്പൂക്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ കടുത്ത വരള്‍ച്ചാദുരിതം അനുഭവിക്കുകയാണ്. പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ കുടിവെള്ള പദ്ധതികളും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും പ്രവര്‍ത്തനരഹിതമാണ്. മേഖലയിലെ നെല്‍പ്പാടങ്ങള്‍ ഉണങ്ങിത്തുടങ്ങുകയും കിണറുകള്‍ വറ്റുകയും ചെയ്തതോടെ ജനങ്ങള്‍ ആശങ്കയിലായിരുന്നു.