പുതുക്കാട്: വികസനത്തിന്റെ സുസ്ഥിരപാഠങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് പാര്‍ട്ടി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ഹാട്രിക് വിജയത്തെ കാണുന്നത്.
സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ പേരിലാണ് രവീന്ദ്രനാഥിന്റെ ജനക്ഷേമ വികസനപ്രവര്‍ത്തനങ്ങള്‍.
രവീന്ദ്രനാഥിനെ സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ മുഖ്യശില്പിയെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഉത്പാദനത്തില്‍ അധിഷ്ഠിതമായ വികസനം എന്ന സുസ്ഥിര പദ്ധതിയുടെ നയത്തിന് ലോകവ്യാപകമായി സ്വീകാര്യതയുണ്ടായിരുന്നു.
വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ സുസ്ഥിരയുടെ കീഴില്‍ ഏകോപിപ്പിച്ച് നടപ്പാക്കിയപ്പോള്‍ രാജ്യത്തെ ആദ്യ ഹൈടെക് മണ്ഡലമായി പുതുക്കാട് പ്രഖ്യാപിക്കപ്പെട്ടു. മണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ ക്ലാസ്സുകളെല്ലാം ഹൈടെക് ക്ലാസുമുറികളായി.
കാര്‍ഷിക രംഗത്തായിരുന്നു ഏറ്റവും വലിയ മുന്നേറ്റം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാവശ്യമുള്ള നിവേദ്യ കദളി പുതുക്കാട് മണ്ഡലത്തിലെ തോട്ടങ്ങളില്‍ വിളയുന്നതായിരുന്നു. ഔഷധിയുമായി സഹകരിച്ച് നടപ്പാക്കിയ പാവയ്ക്ക കൃഷി, നെല്ലിമല, കേര പാര്‍ക്ക്, ജൈവ പച്ചക്കറി കൃഷി, പൂ ഗ്രാമം പദ്ധതി എന്നിവ കര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയത് വലിയ ഉണര്‍വ്വായിരുന്നു.
ചിമ്മിനി ചെറുകിട ജലവൈദ്യുതി പദ്ധതി, ശേഷി വര്‍ദ്ധിപ്പിച്ച പുതുക്കാട് സബ് സ്റ്റേഷന്‍, ആമ്പല്ലൂര്‍-പാലപ്പിള്ളി റോഡ് വികസനം, എലിക്കോട് കോളനി റോഡ്, കച്ചേരിക്കടവ് പാലം തുടങ്ങി കാര്‍ഷിക ജലസേചന മേഖലയിലെ നിരവധി വികസനപദ്ധതികള്‍ സുസ്ഥിരയ്ക്ക് കീഴില്‍ ഉണ്ടായി.
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയും വനം, ടൂറിസം വകുപ്പുകളും ആദിവാസി ഊരുകളുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതികള്‍ വിനോദസഞ്ചാരമേഖലയിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രൂപവത്കരിച്ച കാര്‍ഷിക ക്ലബ്ബുകള്‍, ജൈവവൈവിധ്യ പാര്‍ക്കുകളും നക്ഷത്ര വനങ്ങളും ജൈവ പച്ചക്കറി കൃഷിയും വ്യാപകമായി നടപ്പാക്കുമ്പോള്‍ അതിനെല്ലാം പിറകില്‍ സുസ്ഥിര പദ്ധതിയും പ്രൊഫ.സി. രവീന്ദ്രനാഥുമുണ്ടായിരുന്നു. ജനകീയാസൂത്രണം, സാക്ഷരതാ പ്രവര്‍ത്തനങ്ങളുമായി പുതുക്കാട് മണ്ഡലത്തില്‍ സക്രിയമായിരുന്ന രവീന്ദ്രനാഥ് വിഭാവനം ചെയ്ത വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് തെളിവായി പുതുക്കാട്ട് നേടിയ വന്‍ വിജയം.