പെരുമ്പിലാവ്: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കല്ലുംപുറത്തുവെച്ച് അതിവേഗത്തിൽ പാഞ്ഞ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടമുണ്ടാക്കിയ കാർ മറ്റ് രണ്ട് കാറുകളും ഇടിച്ചുതകർത്തു. കടവല്ലൂർ തട്ടത്തുവളപ്പിൽ മോഹൻ രാജേഷ് (45) ആണ് മരിച്ചത്. കാറിലെ യാത്രക്കാരായ കടവല്ലൂർ കല്ലുംപുറം തോപ്പിൽ മനോജ് (45), ലിമിത്ത് (27), കടവല്ലൂർ അപ്പത്തുവളപ്പിൽ സുബീഷ് (40) എന്നിവരെ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടമുണ്ടാക്കിയ കാർ കുന്നംകുളം ഭാഗത്തുനിന്ന്‌ ചങ്ങരംകുളം ഭാഗത്തേക്ക് അതിവേഗത്തിൽ വരുകയായിരുന്നു. കോഴിക്കോട്ടുനിന്ന്‌ കൊടകരയ്ക്ക് പോയ കാറിലാണ് ആദ്യം ഇടിച്ചത്.

പാഞ്ഞുവരുന്ന കാർ കണ്ട് കൊടകരയ്ക്ക് പോയ കാർ റോഡിന്റെ ഓരംചേർത്ത് നിർത്തിയെങ്കിലും അതിൽ വന്നിടിക്കുകയായിരുന്നു.

തുടർന്ന് നിയന്ത്രണംവിട്ട് ബൈക്കിലും കുന്നംകുളം റോയൽ ആശുപത്രിയിലെ ഡോ. ദിലീപിന്റെ കാറിലും ഇടിച്ച് മറിയുകയായിരുന്നു. ഇടിയിൽ ബൈക്കും അപകടത്തിന് കാരണമായ കാറും പൂർണമായും തകർന്നു.

വെൽഡിങ് തൊഴിലാളിയായ മോഹൻ രാജേഷിന്റെ അമ്മ മരിച്ചത് കഴിഞ്ഞ മാസമാണ്. ഭാര്യ: ശ്രീദേവി. മക്കൾ: സൂര്യനാരായണൻ, ദേവസേന. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.