തൃപ്രയാര്‍: ബാറുകള്‍ തുറക്കാന്‍ തരംതാഴ്ത്തുന്നതിന് മാത്രമാണ് ദേശീയപാതയോട് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന കാണിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. ദേശീയപാതയോരത്ത് ബാര്‍ തുറക്കാനാവില്ലെന്നതിനാല്‍ അവയൊക്കെ തരംതാഴ്ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ദേശീയപാതയുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ചും പാത ഗതാഗതയോഗ്യമാക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി തൃപ്രയാറിലാരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശീയപാതയുടെ അറ്റകുറ്റപ്പണി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, കൃത്യസമയത്ത് അത് ചെയ്യിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍ അധ്യക്ഷനായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി അനില്‍ പുളിക്കല്‍, ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, മുന്‍ എം.എല്‍.എ. പി.എ. മാധവന്‍, കെ.പി.സി.സി. സെക്രട്ടറി എന്‍.കെ. സുധീര്‍, ജോസ് വള്ളൂര്‍, ടി.യു. ഉദയന്‍, വി.ആര്‍. വിജയന്‍, കെ.വി. ദാസന്‍, നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വിനു എന്നിവര്‍ പ്രസംഗിച്ചു.

തൃപ്രയാര്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ നടക്കുന്ന രാപകല്‍ സമരം ഞായറാഴ്ച 9.30ന് സമാപിക്കും. ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്യും.