തൃശ്ശൂര്‍: പലരുടേയും കനിവ് കൊണ്ടും കടം വാങ്ങിയ പണം കൊണ്ടുമാണ് പത്ത് പേര്‍ മത്സരത്തിന് പോയത്. റാഞ്ചിയില്‍ നടന്ന ദേശീയ റൂറല്‍ ഗെയിംസില്‍ ദേശീയ ചാമ്പ്യന്മാരായിരുന്നു മടക്കം. ബോക് സിങ്ങിലാണ് തൃശ്ശൂരിലെ പത്ത് ചുണക്കുട്ടികള്‍ വിജയം നേടിയത്. പത്ത് വിഭാഗങ്ങളില്‍ മത്സരിച്ച ഇവര്‍ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും നേടി. സംസ്ഥാനത്തേക്ക് ബോക്‌സിങ് ചാമ്പ്യന്‍ പട്ടവും എത്തിച്ചു.

കെ.ടി. പ്രതിഷ്, അഫ്‌സല്‍ കെ.എസ്., പി.എസ്. എല്‍ദോസ്, അയ്യപ്പദാസ് മോഹന്‍, പി.എസ്. രാഹുല്‍, പി.ബി. ഗൗതം, ഗോറസ് ജോസ്, ലിയോ ആന്റോ, ഷിജോ ഷാജി, ബ്രിട്ടോ ജോസഫ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പ് കേരളത്തിലെത്തിച്ചത്. ജിതിന്‍, ദിലീപ് എന്നീ കോച്ചുമാരും മാനേജര്‍ ഭരതനും സംഘത്തിലുണ്ടായിരുന്നു. സംഘാംഗം കോറസ് സിവില്‍ പോലീസ് ഓഫീസറും ബ്രിേട്ടാ, ഗൗതം, രാഹുല്‍ എന്നിവര്‍ വിദ്യാര്‍ഥികളുമാണ്. ബാക്കി എല്ലാവരും തൊഴിലന്വേഷകരാണ്.

തൃശ്ശൂരില്‍ നടന്ന സംസ്ഥാന തല മത്സരത്തില്‍ ജയിച്ചാണ് ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. അവിടെ 15 സംസ്ഥാനങ്ങളോട് ഏറ്റുമുട്ടിയാണ് കേരളത്തിലേക്ക് ചാമ്പ്യന്‍പട്ടം കൊണ്ടുവന്നത്. റാഞ്ചിയിലേക്ക് പോകാന്‍ പണമില്ലാതിരുന്ന സംഘത്തെ പോലീസ് വകുപ്പിലെ ചിലര്‍ സഹായിച്ചു. ബാക്കി തുക കടം വാങ്ങി. സംഘത്തിലുള്ള എല്ലാവരും പാവപ്പെട്ട കുടുംബത്തിലുള്ളവരാണ്.'

സ്‌പെയിനില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര റൂറല്‍ ഗെയിംസിലേക്ക് ഇവരില്‍ പകുതി പേര്‍ക്കെങ്കിലും സെലക്ഷന്‍ കിട്ടും. അതിന് പോകാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ വിജയികള്‍.

ലൈറ്റ് ഫ്‌ലൈ, ഫ്‌ലൈ, ബാന്‍ഡം, ലൈറ്റ് വെയ്റ്റ്, ലൈറ്റ് വെല്‍ട്ടര്‍, വെല്‍ട്ടര്‍, മിഡില്‍, ലൈറ്റ് ഹെവി, ഹെവി, സൂപ്പര്‍ ഹെവി എന്നിനങ്ങളിലായിരുന്നു മത്സരം. ഇതില്‍ മിഡില്‍ മത്സരിച്ച ഗോറസ്, ബാന്‍ഡയില്‍ മത്സരിച്ച എല്‍ദോസ്, ലൈറ്റ്്ഫ്‌ലൈയില്‍ മത്സരിച്ച പ്രതിഷ് എന്നിവര്‍ക്കാണ് വെള്ളി മെഡല്‍. ബാക്കി എല്ലാവരും സ്വര്‍ണം നേടി.