മാള: എരവത്തൂരില്‍ കൊടിയ പീഡനംമൂലം അവശനായ ഗണപതിയെന്ന ആനയെ പരിശോധിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ ഡോ. എം.വി. നിധിന്‍, സോഷ്യല്‍ ഫോറസ്ട്രി ചാലക്കുടി റേഞ്ച് ഓഫീസര്‍ ഇ.എസ്. സദാനന്ദന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി. ജോയ് എന്നിവരാണ് എത്തിയത്.

ആനയുടെ നാല് കാലുകളിലും മുറിവുള്ളതായും നീരുവന്ന് വീര്‍ത്തിട്ടുള്ളതായും ഇവര്‍ പറഞ്ഞു. ആനയ്ക്ക് അനാരോഗ്യലക്ഷണങ്ങളും പ്രകടമാണ്. മതിയായ പരിചരണം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പരിശോധനാസംഘം. ആനയുടെ ഉടമയായ എറണാകുളം, വളഞ്ഞമ്പലം സ്വദേശി ഈശ്വരന്‍പിള്ളയെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ നാളെയെത്തുന്നതോടെ തുടര്‍നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു. ഈശ്വരന്‍പിള്ളയുടെത്തന്നെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആനയെ തളച്ചിരിക്കുന്നത്.

നാലുവര്‍ഷം മുമ്പാണ് ഇടഞ്ഞതിനെത്തുടര്‍ന്ന് ആനയെ ഇവിടെ കൊണ്ടുവന്ന് തളച്ചത്. ആനയെ ഉത്സവങ്ങളിലും മറ്റും എഴുന്നള്ളിക്കുന്നത് വിലക്കിയിരുന്നു. ആനയുടെ ദേഹത്തെ മുറിവിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആനയെ വെറ്ററിനറി ഡോക്ടര്‍ പരിപാലിക്കുന്നതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

അവശനിലയിലായ ആനയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ആനപ്രേമികളും രംഗത്തെത്തി. ആനയുടെ ആരോഗ്യസ്ഥിതി ബോധ്യപ്പെടുന്നതിനായി ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്ന് യുവമോര്‍ച്ച കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുജിത്ത്, മണ്ഡലം പ്രസിഡന്റ് കെ.എസ്. ശിവറാം, സെക്രട്ടറി എന്‍.ആര്‍. രതീഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതികളും ഇവര്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.