കുതിരാന്‍: കുതിരാന്‍ തുരങ്കത്തിനകത്തെ ലൈറ്റിങ്, വെന്റിലേറ്റര്‍ ജോലികള്‍ പകുതിയും പൂര്‍ത്തിയായി. 30, 60, 100, 150 വാട്‌സുകളിലുള്ള 680 എല്‍.ഇ.ഡി. ലൈറ്റുകളാണ് തുരങ്കത്തിനകത്ത് സ്ഥാപിക്കേണ്ടത്. ഇതില്‍ 380 ലൈറ്റുകള്‍ സ്ഥാപിച്ചു.

തുരങ്കത്തിന്റെ ഇരുഭാഗത്തും ആദ്യ 100 മീറ്റര്‍ ദൂരത്തിലാണ് 150 വാട്‌സുകളിലുള്ള ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. വായുസഞ്ചാരം സുഗമമാക്കുന്നതിനും വാഹനങ്ങളില്‍നിന്നുള്ള പുക പുറന്തള്ളുന്നതിനുമായി പ്രത്യേകം രൂപകല്പന ചെയ്ത 10 എക്‌സോസ്റ്റ് ഫാനുകളില്‍ ആറെണ്ണം സ്ഥാപിച്ചുകഴിഞ്ഞു.

തുരങ്കത്തിന് മധ്യത്തില്‍ മുകളിലായി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്ന വലിയ എക്‌സോസ്റ്റ് ഫാനിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിതുരങ്കത്തില്‍ ഒന്നില്‍ ലൈറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കി.

തുരങ്കത്തിനുള്ളിലെ ചൂട്, വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ്, വെളിച്ചം എന്നിവ അളക്കുന്നതിനായി സെന്‍സറുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഈ ആഴ്ചതന്നെ തുടങ്ങും.

തുരങ്കത്തിനകത്തെ നടപ്പാതയില്‍ ഉരുക്ക് കൈവരികള്‍ ഘടിപ്പിക്കുന്ന ജോലികളാണ് നിലവില്‍ പ്രധാനമായും നടക്കുന്നത്. തുരങ്കത്തിനുള്ളിലെ ചൂടിന്റെ അളവും ഗതാഗതവിവരങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള എല്‍.ഇ.ഡി. ബോര്‍ഡുകള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് കണ്‍ട്രോള്‍ മുറിയുമായി ബന്ധപ്പെടാനുള്ള ടെലഫോണുകള്‍, ഇവയെ നിയന്ത്രിക്കാനുള്ള കണ്‍ട്രോള്‍ സ്റ്റേഷന്‍ എന്നിവയുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ലൈറ്റിങ് -വെന്റിലേറ്റര്‍ ജോലികള്‍ പതിനഞ്ച് ദിവസങ്ങള്‍ക്കു മുമ്പ് തുടങ്ങിയെങ്കിലും തൊഴിലാളിസമരത്തെ തുടര്‍ന്ന് അഞ്ചുദിവസം പണി നിര്‍ത്തിവെച്ചിരുന്നു.