കുതിരാന്‍: ദേശീയപാത കുതിരാനിലെ യാത്രാദുരിതത്തിനെതിരേ ശക്തമായ പ്രതിഷേധപരിപാടികളുമായി നാട്ടുകാര്‍ രംഗത്ത്. കുതിരാന്‍ ജനകീയ പ്രതിഷേധക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുതിരാന്‍ മേഖല പൂര്‍ണമായും ടാറിടല്‍ നടത്തണമെന്ന ആവശ്യവുമായി ബുധനാഴ്ചമുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും.

മണ്ണുത്തിമുതല്‍ വടക്കഞ്ചേരിവരെയുള്ള ജനകീയ കൂട്ടായ്മകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വിവിധ ക്ലബ്ബുകള്‍, ബസ് ഓണേഴ്‌സ് സംഘടനകള്‍, ബസ് തൊഴിലാളിസംഘടനകള്‍, ഡ്രൈവേഴ്സ് അസോസിയേഷന്‍, വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയവരും ജനകീയസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ സമരപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. ജനകീയ സമരത്തിനുപുറമേ വിവിധ രാഷ്ട്രീയകക്ഷികളും സമരപ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. സമരപരിപാടികള്‍ ശക്തിപ്രാപിക്കുമ്പോഴും കുതിരാനിലെ ഗതാഗതക്കുരുക്കിന് ഒരു മാറ്റവുമില്ല. വഴുക്കുംപാറയിലും വില്ലന്‍വളവിലും നിരന്തരം ഗതാഗതക്കുരുക്കാണ്. മൂന്നുകിലോമീറ്റര്‍ ദൂരം മാത്രമുള്ള കുതിരാന്‍മേഖല കടക്കാന്‍ മുക്കാല്‍ മണിക്കൂറിലേറെ സമയം വേണ്ടിവരുന്നുണ്ട്. വലിയ കുഴികളില്‍ ക്വാറിപ്പൊടി ഇട്ടതിനാല്‍ മഴമാറിയപ്പോള്‍ രൂക്ഷമായ പൊടിശല്യമാണ്.

കാഴ്ചയെപ്പോലും മറയ്ക്കുംവിധം ശക്തമായാണ് ദേശീയപാതയില്‍ പലയിടത്തും പൊടിപറക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി ആറുദിവസം കഴിഞ്ഞിട്ടും മേഖലയില്‍ ഒരിടത്തും പണിനടത്താത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമറിയിച്ചു.