കുന്നംകുളം: ഓരോ വര്‍ഷവും 3500ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിനാളില്ല. ഒഴിഞ്ഞുകിടക്കുന്ന 23തസ്തികകളില്‍ നിയമനം നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ല.

സീനിയര്‍ സി.പി.ഒ.മാരായി 16പേര്‍ വേണ്ടിടത്ത് സ്റ്റേഷനിലുള്ളത് ആറ് പേരാണ്. സിവില്‍ പോലീസ് ഓഫീസര്‍മാരുടെ 39തസ്തികകളില്‍ ഒമ്പതെണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്. വനിതാ പോലീസ് ഓഫീസര്‍മാരുടെ നാലൊഴിവുമുണ്ട്. ഡിവൈ.എസ്.പി., സി.ഐ. ഓഫീസുകളിലേക്കും ട്രാഫിക്, സ്‌പെഷല്‍ ബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിലേക്കും ഇതേ തസ്തികകളില്‍നിന്ന് പോലീസിനെ നല്‍കണം. അഞ്ച് എസ്.ഐ.മാരുടെ തസ്തികകള്‍ നിലവിലുണ്ട്. ഡിവൈ.എസ്.പി., സി.ഐ. ഓഫീസുകളിലേക്ക് ഓരോരുത്തരെ നിയോഗിക്കുന്നതോടെ സ്റ്റേഷനില്‍ മൂന്നു പേരാകും. സിവില്‍ പോലീസ് ഓഫീസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ കേസുകള്‍ എഴുതാന്‍ വൈകുന്നതിനും കാരണമാകുന്നുണ്ട്.

ട്രാഫിക് സ്റ്റേഷന് യൂണിറ്റുണ്ടെങ്കിലും ആളില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. നഗരത്തിലും കേച്ചേരിയില്‍ സ്ഥിരമായും അക്കിക്കാവ്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ മറ്റുസ്ഥലങ്ങളിലും തിരക്കുള്ളപ്പോള്‍ സ്റ്റേഷനില്‍നിന്നുള്ളവരെ നിയോഗിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

മോഷണം ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേകം സംഘത്തെ നിയോഗിക്കുന്നതിനും കഴിയുന്നില്ല. ഒട്ടേറെ സ്ത്രീപീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ മൂന്ന് വനിതാ പോലീസിന്റെ സേവനം മാത്രമാണുള്ളത്. പലപ്പോഴും ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കുന്നംകുളത്തുനിന്ന് 15കിലോമീറ്റര്‍ ചുറ്റളവാണ് സ്റ്റേഷന്റെ പ്രവര്‍ത്തനപരിധി. പ്രധാന സ്ഥലങ്ങളായ കടവല്ലൂര്‍, കാട്ടകാമ്പാല്‍, പഴഞ്ഞി, കേച്ചേരി, ആര്‍ത്താറ്റ്, അഞ്ഞൂര്‍, ആനായ്ക്കല്‍, മരത്തംകോട് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുന്നത് ഈ സ്റ്റേഷന്‍ പരിധിയിലാണ്. രാഷ്ട്രീയ അക്രമങ്ങള്‍, സ്ത്രീപീഡനങ്ങള്‍, മോഷണങ്ങള്‍, അപകടങ്ങള്‍, അസ്വാഭാവികമരണങ്ങള്‍ തുടങ്ങി ഒട്ടേറെ കേസുകളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്. ദൂരപരിധി വര്‍ധിച്ചതിനാല്‍ പല സ്ഥലങ്ങളിലേക്കും ഓടിയെത്താനും ബുദ്ധിമുട്ടേറെയാണ്. പെരുന്നാളുകളും ക്ഷേത്രോത്സവങ്ങളുമാണ് അടുത്ത മാസങ്ങളില്‍ കാത്തിരിക്കുന്നത്.