കുന്നംകുളം: ഹെര്‍ബെര്‍ട്ട് റോഡില്‍ ടൗണ്‍ഹാള്‍ പരിസരത്തെ അനധികൃത തെരുവുകച്ചവടങ്ങള്‍ ആരോഗ്യവിഭാഗം നീക്കം ചെയ്തു. രണ്ടാമത്തെ തവണയാണ് ഹെര്‍ബെര്‍ട്ട് റോഡില്‍നിന്നുള്ള തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള കച്ചവടങ്ങള്‍ ഒഴിവാക്കുന്നത്.

ഹെര്‍ബെര്‍ട്ട് റോഡിന്റെ ഇരുവശത്തുമായുള്ള തെരുവുകച്ചവടങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമായിരുന്നു. ആരോഗ്യകരമല്ലാത്ത രീതിയിലാണ് ഇവിടെ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.

കച്ചവടം പാടില്ലെന്നു കാണിച്ച് ഒട്ടേറെത്തവണ ആരോഗ്യവിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. വീണ്ടും ഇവിടെ കച്ചവടം തുടങ്ങുന്നതിന് ജനപ്രതിനിധികളുടെ പിന്തുണയുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു.

അനധികൃത കച്ചവടക്കാരുടെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വഴിയോരങ്ങളിലും ജലസ്രോതസ്സുകളിലുമാണ് തള്ളിയിരുന്നത്. ഈ രീതിയില്‍ മാലിന്യം തള്ളുന്നവരുടെപേരില്‍ നടപടിയെടുക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.

ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളാണ് തട്ടുകടകള്‍വഴി വില്‍പ്പന നടത്തിയിരുന്നത്. ഗുരുവായൂര്‍ റോഡില്‍ സ്ഥാപിച്ചിരുന്ന രണ്ട് താത്കാലിക ബങ്കുകളും നീക്കംചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.സി. ബാലസുബ്രഹ്മണ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. അബ്ദുള്‍ സത്താര്‍, എന്‍.ഡി. ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.