കുന്നംകുളം: ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തിലെ എം.ജി. ഷോപ്പിങ് കോംപ്ലക്‌സിന് സമീപമുള്ള തട്ടുകടകള്‍ നീക്കം ചെയ്തു. അനധികൃതമായ രീതിയില്‍ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

രാത്രി പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകളില്‍ നഗരസഭ അനുവദിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന രീതിയിലുള്ള ഭക്ഷണ സാധനങ്ങളാണ് വില്‍പ്പന നടത്തിയിരുന്നത്. ഇത് പാടില്ലെന്ന് നേരത്തേ കച്ചവടക്കാരെ അറിയിച്ചിരുന്നു. സ്ഥിരം സംവിധാനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് തട്ടുകടകളാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍, ഇന്‍സ്‌പെക്ടര്‍മാരായ ജിതേഷ്ഖാന്‍, സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എടുത്തുമാറ്റിയത്.

നഗരത്തില്‍നിന്ന് നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലും ബസ് സ്റ്റാന്‍ഡിലും നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണവും നടത്തി. ലഹരിപദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഇവിടെ നിന്ന് കണ്ടെടുത്തു. ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ ഇല്ലാത്തത് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സഹായമാകുന്നുണ്ട്. എം.ജി. ഷോപ്പിങ് കോംപ്ലക്‌സില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടാനും പദ്ധതിയുണ്ട്.