കുന്നംകുളം: പോലീസില്‍ പരാതി നല്‍കിയതിന് വീടുകയറി ആക്രമിച്ച കേസില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തലക്കോട്ടുകര പ്രഭാത് നഗറില്‍ പൊന്നുംകുന്നത്ത് രാജന്‍ (40), രാഹുല്‍ (18), ചേലക്കര പുലാക്കോട് പൊന്നുംകുന്നത്ത് രഞ്ജിത്ത് (28) എന്നിവരെയാണ് എസ്.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റ് ചെയ്തത്.

രാജന്റെ അയല്‍വാസിയായ ഹരിദാസനുമായി ക്രിസ്മസ് ദിവസം തര്‍ക്കമുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇരുകൂട്ടരെയും വിളിപ്പിച്ച് ഒത്തുതീര്‍പ്പാക്കി. അക്രമങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കിയാണ് ഇവര്‍ പിരിഞ്ഞുപോയത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ഹരിദാസനെയും മണികണ്ഠനെയും മാരകായുധങ്ങളുമായി വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനാണ് മൂന്നാളുടെയും പേരില്‍ കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.