കുന്നംകുളം: വാണിജ്യ സിനിമാ ലോകത്ത്‌നിന്ന് മാറി നല്ല സിനിമകളെ സ്‌നേഹിച്ച് ഒപ്പം നടന്ന കലാകാരനായിരുന്നു അന്തരിച്ച ബെന്നി സാരഥി. കുന്നംകുളത്തിന്റെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ് വിടവാങ്ങിയത്.

കലാമൂല്യമുള്ള ചിത്രങ്ങളുടെ സംവിധായകര്‍ക്കൊപ്പമായിരുന്നു ബെന്നിയുടെ യാത്ര. ചെറുപ്പത്തിലേ സിനിമയോടൊരു കമ്പമുണ്ടായിരുന്നു.

കുന്നംകുളം കേന്ദ്രീകരിച്ച് 1970 കാലത്ത് ഫിലിം സൊസൈറ്റി രൂപവത്കരിച്ചത് ഇതിന്റെ തെളിവാണ്. പവിത്രന്‍ സംവിധാനം ചെയ്ത ഉപ്പിന്റെ നിര്‍മാതാവ് കെ.എം.എ. റഹീമാണ് ബെന്നിയെ സിനിമയിലേക്കെത്തിച്ചത്. പവിത്രന്റെ ഉത്തരം, ബലി, കുട്ടപ്പന്‍ സാക്ഷി എന്നീ സിനിമകളില്‍ സഹസംവിധായകനായി. പിന്നീട് ടി.വി. ചന്ദ്രനോടൊപ്പം ചേര്‍ന്നു.

പൊന്തന്‍മാട, ആലീസിന്റെ അന്വേഷണം, ഡാനി, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ ചിത്രങ്ങളുടെ സഹായിയായി. 'മഞ്ഞുകാലവും കഴിഞ്ഞ്' എന്ന സിനിമ സ്വതന്ത്രമായി ചെയ്‌തെങ്കിലും വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റാനായില്ല.

'അഭിനേത്രി' എന്ന ടെലിഫിലിമിലൂടെ ഇര്‍ഷാദിനെയും 'നിലാമഴ' എന്ന സീരിയലിലൂടെ ജ്യോതിര്‍മയിയെയും ക്യാമറക്ക് മുന്നിലെത്തിച്ചു. ഒട്ടേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ബെന്നിയുടേതായിട്ടുണ്ട്. തൃശ്ശൂരില്‍നിന്ന് നന്മ എന്ന മലയാള കലാകാരന്മാരുടെ സംഘടനയ്ക്ക് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്. ഇതിന്റെ അമരക്കാരനാകാനും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും കഴിഞ്ഞു. കുന്നംകുളത്തെ സാംസ്‌കാരിക സംഘടനകളായ ബാര്‍, ഫെയ്‌സ്, റീഡേഴ്‌സ് ഫോറം എന്നിവയുടെയും നേതൃനിരയിലുണ്ടായിരുന്നു. അസുഖബാധിതനായതോടെയാണ് ഇതില്‍ നിന്നെല്ലാം വിട്ടുനിന്നത്.