കുന്നംകുളം: നഗരത്തിലെ റോഡുകള്‍ക്ക് വീതിയുണ്ടെങ്കിലും ഗതാഗതക്കുരുക്കിനൊട്ടും കുറവില്ല. റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയ ഭാഗങ്ങള്‍ വാഹന പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നതോടെ ഗതാഗതം കൂടുതല്‍ തടസ്സപ്പെടുകയാണ്.

തൃശ്ശൂര്‍, പട്ടാമ്പി, ഗുരുവായൂര്‍, വടക്കാഞ്ചേരി ഭാഗങ്ങളിലേക്കാണ് കുന്നംകുളത്ത് എത്തുന്ന വാഹനങ്ങള്‍ തിരിഞ്ഞ് പോകുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പല സ്ഥലങ്ങളിലും വണ്‍വേ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡുകള്‍ക്ക് പത്ത് മുതല്‍ 15 മീറ്റര്‍ വരെ വീതിയുണ്ട്. റോഡുകളുടെ രണ്ട് അരികിലായി വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ഓട്ടോറിക്ഷ, ടാക്‌സി എന്നിവയുടെ പാര്‍ക്കിങ്ങും വരുന്നതോടെ വീതി പത്ത് മീറ്ററില്‍ താഴെയാകും.

വടക്കാഞ്ചേരി, പട്ടാമ്പി റോഡുകളിലാണ് വാഹന പാര്‍ക്കിങ് ഏറെ തടസ്സം സൃഷ്ടിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും ഗതാഗതസൗകര്യം വര്‍ധിച്ചില്ല. വടക്കാഞ്ചേരി റോഡിലേക്ക് തിരിയുന്നത് മുതല്‍ 500 മീറ്ററോളം ദൂരം ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലമാണ്. റോഡരികിലാണ് കടകളിലെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും വണ്ടികള്‍ വെയ്ക്കുന്നത്. മറ്റൊരു ഭാഗം ഓട്ടോറിക്ഷക്കാരും കൈയടക്കുന്നതോടെ പട്ടാമ്പി റോഡില്‍നിന്ന് വണ്‍വേ തിരിഞ്ഞ് വരുന്നവര്‍ കുരുക്കിലാകും.

പട്ടാമ്പി റോഡില്‍ കച്ചവടക്കാരുടെ കേന്ദ്രമാണ്. ലോറിയിലെത്തുന്ന സാധനങ്ങള്‍ ഇറക്കുന്നതും മറ്റുമായുള്ള തിരക്കിനുള്ളിലൂടെയാണ് സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ളവ കടന്നുപോകുന്നത്. തൃശ്ശൂര്‍ റോഡില്‍ ഒരുഭാഗത്ത് ഓട്ടോറിക്ഷാ പാര്‍ക്കിങ്ങും മറ്റൊരു ഭാഗത്ത് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളും നിര്‍ത്തിയിടുകയാണ്. ഗുരുവായൂര്‍ റോഡിലും സ്ഥാപനങ്ങള്‍ക്ക് മുന്നിലെ പാര്‍ക്കിങ് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. നഗരത്തിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുമുണ്ടാകാറില്ല.

ഗതാഗത ഉപദേശക സമിതിയുണ്ടെങ്കിലും യോഗം ചേര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടു. വിവിധ സംഘടനാ പ്രതിനിധികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയല്ലാതെ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനോ നടപ്പാക്കുന്നതിനോ സമിതിക്ക് കഴിയാറില്ലെന്നും ആക്ഷേപമുണ്ട്. വ്യാപാരസമുച്ചയങ്ങള്‍ക്ക് പാര്‍ക്കിങ് സംവിധാനം ഉണ്ടാകണമെന്ന് നിയമമുണ്ടെങ്കിലും ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ല. പണം നല്‍കി വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ താലൂക്ക് ആസ്​പത്രി മൈതാനത്തൊഴികെ സംവിധാനവുമില്ല.