കുന്നംകുളം: പ്രധാന അസംസ്‌കൃതവസ്തുവായ പേപ്പര്‍ കിട്ടാന്‍ ക്ഷാമം നേരിട്ടതോടെ നോട്ടുബുക്ക് നിര്‍മാണം പ്രതിസന്ധിയിലായി. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ജലക്ഷാമവും വൈദ്യുതി നിയന്ത്രണവുമാണ് തിരിച്ചടിയായിട്ടുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള നോട്ടുബുക്കുകളുടെ നിര്‍മാണത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് കുന്നംകുളം കേന്ദ്രീകരിച്ചാണ്. പേപ്പര്‍ നിര്‍മിക്കുന്ന കമ്പനികളുടെ യൂണിറ്റുകളില്‍ പലതും മുടങ്ങിക്കിടക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പേപ്പറിന് ഏറെ ആവശ്യക്കാരുള്ള സമയമാണിത്. കുന്നംകുളത്തെ നോട്ടുപുസ്തക കമ്പനികള്‍ പലതും പണി നിര്‍ത്തിവെയ്‌ക്കേണ്ട സ്ഥിതിയിലാണ്. വലിയ കമ്പനികള്‍ക്ക് കരുതല്‍ ശേഖരമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പേപ്പര്‍ എത്താതെവന്നതോടെ ഇവരും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

പുസ്തകനിര്‍മാണത്തില്‍ പേരെടുത്ത കമ്പനികള്‍ ഉപയോഗിക്കുന്ന ഗുണനിലവാരം കൂടിയ എ ഗ്രേഡ് പേപ്പറുകളുടെ വരവ് നിലച്ചിരിക്കുകയാണ്. കനം കുറവുള്ള ബി ഗ്രേഡ് പേപ്പറിന്റെയും വരവ് കുറഞ്ഞു. പേപ്പര്‍ കമ്പനികള്‍ മാസത്തില്‍ രണ്ടുതവണ വില കൂട്ടുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പേപ്പര്‍ വിവിധ അളവുകളില്‍ മുറിച്ചാണ് നോട്ടുപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് ഈ വര്‍ഷം ഒരു കിലോഗ്രാം പേപ്പറിന് 15 രൂപ വരെ വര്‍ധിച്ചതായും നിര്‍മാതാക്കള്‍ പറയുന്നു.

മറ്റ് സ്ഥലങ്ങളിലേക്ക് നല്‍കുന്ന പുസ്തകത്തിന് നിര്‍മാണച്ചെലവിലെ വര്‍ധനയനുസരിച്ചുള്ള വില ലഭിക്കുന്നില്ല. നിര്‍മാതാക്കള്‍ക്ക് കൃത്യമായി പണം കിട്ടാത്തതിനാല്‍ പലരും ചില്ലറവില്‍പ്പനയിലേക്കും തിരിയുന്നുണ്ട്. പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കുട്ടികളെ സ്‌കൂളിലേക്ക് യാത്രയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വീടുകളില്‍ തുടങ്ങിയിട്ടുമുണ്ട്. ഒട്ടേറെ സ്‌കൂളുകളിലേക്കും വലിയ രീതിയിലാണ് നോട്ടുപുസ്തകങ്ങള്‍ ആവശ്യമായിവരുന്നത്. വലിയ ബ്രാന്‍ഡുകള്‍ വിലവര്‍ധന നടപ്പിലാക്കുമ്പോള്‍ നേരത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി നോട്ടുപുസ്തകങ്ങള്‍ ഗുണനിലവാരം കുറയാതെ വിപണിയിലുണ്ട്.