കുന്നംകുളം: റവന്യൂ ജില്ലാ കലോത്സവം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ഉപജില്ല 168 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത്. 150 പോയിന്റുമായി കുന്നംകുളം രണ്ടാം സ്ഥാനത്തും 137 പോയിന്റ് വീതം നേടി വലപ്പാടും കൊടുങ്ങല്ലൂരും മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തിലും 133 പോയിന്റുമായി ഇരിങ്ങാലക്കുട മുന്നിലാണ്.
 
ബുധനാഴ്ച വൈകീട്ട് വരെ 75 അപ്പീലുകളാണ് ലഭിച്ചിട്ടുള്ളത്. രാവിലെ മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയെങ്കിലും ഭൂരിഭാഗം വേദികളിലും രാത്രി എട്ടോടെ മത്സരങ്ങള്‍ അവസാനിച്ചു. മോഹിനിയാട്ടം, തിരുവാതിരക്കളി, ചെണ്ടമേളം എന്നിവ നടന്ന വേദികളിലെ മത്സരങ്ങള്‍ രാത്രിയിലേക്ക് നീണ്ടു.
 
ഒപ്പന നടന്ന ലോട്ടസ് പാലസിലെ വേദിയില്‍ രാവിലെ വെളിച്ചമില്ലാത്തത് കല്ലുകടിയായി. മോഡല്‍ ഗേള്‍സ് സ്‌കൂളിലും ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല. മത്സരവേദിയിലെ മുന്നറിയിപ്പ് വിളക്കുകള്‍ തെളിയാത്തതും പ്രശ്‌നമായി. ചെണ്ടമേളം കഴിഞ്ഞ് രാത്രി ഇരുട്ടിലൂടെയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
 
യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇരിങ്ങാലക്കുടയാണ് മുന്നില്‍. സംസ്‌കൃതം യു.പി. യിലും ഇരിങ്ങാലക്കുടയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചേര്‍പ്പ് മുന്നിട്ട് നില്‍ക്കുന്നുണ്ട്. അറബിക് യു.പി. വിഭാഗത്തില്‍ ഇരിങ്ങാലക്കുടയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊടുങ്ങല്ലൂരുമാണ് മുന്നിലുള്ളത്.