കൊരട്ടി: മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ടെയ്‌ലര്‍ ആന്‍ഡ് ഫ്രാന്‍സിസ് കോമണ്‍വെല്‍ത്ത് പുരസ്‌കാരം ഡോ. സന്ധ്യ സുകുമാരന് ലഭിച്ചു.
കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് നേടിയവരില്‍ നിന്ന് ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്രമത്സ്യ ഗവേഷണ കേന്ദ്രത്തില്‍ സീനിയര്‍ ശാസ്ത്രജ്ഞയാണ് സന്ധ്യ.
ജനിതക മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള രാസപദാര്‍ത്ഥങ്ങള്‍ സമുദ്ര ജൈവ വൈവിധ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ അധികരിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. കൊരട്ടി ചെറ്റാരിക്കല്‍ മുല്ലപ്പിള്ളി സുകുമാരന്‍ നായരുടെയും പ്രസന്നകുമാരിയുടെയും മകളാണ്. വടക്കന്‍ പറവൂര്‍ കൈതാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഡോ. രഘുനാഥ് രവിയാണ് ഭര്‍ത്താവ്.