കൊടുങ്ങല്ലൂര്‍: എം.ഇ.എസ്. അസ്മാബി കോളേജിലെ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ വ്യാഴവും വെള്ളിയും വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുക്കും.

അക്രമങ്ങളുമായി ബന്ധപ്പെട്ട് കോളേജിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് അന്വേഷണക്കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയ വിദ്യാര്‍ഥികളില്‍ പതിനാറ് പേര്‍ മതിലകം പോലീസ് എടുത്ത കേസില്‍ റിമാന്‍ഡിലാണ്. ഇവരൊഴിച്ചുള്ള മറ്റു പതിനെട്ട് പേര്‍ വ്യാഴവും വെള്ളിയുമായി അന്വേഷണക്കമ്മീഷനുമുന്നില്‍ മൊഴി നല്‍കും. കോളേജിലെ അഞ്ചു വകുപ്പുമേധാവികളെയാണ് കമ്മീഷനായി കോളേജ് കൗണ്‍സില്‍ നിയോഗിച്ചിട്ടുള്ളത്.

ഇതേസമയം അനിശ്ചിതകാലത്തേക്ക് അടച്ച കോളേജ് 29 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പി.ടി.എ. ജനറല്‍ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്. 29 മുതല്‍ വിദ്യാര്‍ഥിരാഷ്ട്രീയം കര്‍ശനമായി നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ പൊതുമുതല്‍ നശിപ്പിക്കല്‍നിയമപ്രകാരമുള്ള കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പതിനാറ് വിദ്യാര്‍ഥികള്‍ നല്‍കിയ ജാമ്യാപേക്ഷ കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് വീണ്ടും തള്ളി. സ്റ്റേഷനില്‍ കീഴടങ്ങിയ പതിനാറ് പേരെയും ജാമ്യംനല്‍കി വിട്ടിരുന്നുവെങ്കിലും പിന്നീട് ഇവരെ വീണ്ടും വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കീഴ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജില്ലാ കോടതിയില്‍ ജാമ്യത്തിനായി വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.