കൊടുങ്ങല്ലൂര്‍: എറിയാട് പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് സ്ഥിതി ചെയ്യുന്ന മാടവന കാട്ടാകുളം ഗ്രാമം വിമാനയാത്ര എന്ന സ്വപ്‌ന സഞ്ചാരത്തിന്റെ ആവേശത്തിലാണ്. ഇവരുടെ സ്വപ്‌നത്തിന് ചിറകേകുന്നത് വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനനും ഭര്‍ത്താവും മാടവന ശ്രീനാരായണധര്‍മസഭ പ്രസിഡന്റുമായ വി.ജി. മോഹനനും ചേര്‍ന്നാണ്.

തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരുമങ്ങുന്ന അമ്പത്തിയൊന്ന് പേരുടെ ചെന്നൈ യാത്രയ്ക്ക് ശേഷം വാര്‍ഡിലെ മറ്റൊരു 55 സംഘം ബംഗളൂരു യാത്രയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ദിവസമടുക്കുന്ന കാത്തിരിപ്പിലാണ്. മെയ് 30-നാണ് ഇവരുടെ ബംഗളൂരു യാമത്ര. െവെകീട്ട് പോയി അടുത്തദിവസം രാത്രിയിലെ തീവണ്ടിയില്‍ മടങ്ങിവരാവുന്ന വിധത്തിലാണ് യാത്ര തരപ്പെടുത്തിയിട്ടുള്ളത്.

വിമാന യാത്രയെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ ആദ്യ യാത്രയ്ക്ക് നേതൃത്വം നല്‍കിയ പ്രസിഡന്റിനും ഭര്‍ത്താവിനും മുന്നില്‍ വാര്‍ഡിലെ നിരവധി പേരാണ് തങ്കള്‍ക്കും വിമാനയാത്ര സൗകര്യപ്പെടുത്തിതരണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതോടെ അടുത്ത യാത്ര ബംഗളൂരുവിലേക്ക് നിശ്ചയിക്കുകയായിരുന്നു.

പ്രസാദിനി-മോഹനന്‍ ദമ്പതിമാരുടെ മകനും വ്യോമസേന ഉദ്യോഗസ്ഥനുമായ മിന്റുവാണ് സംഘത്തിന് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിക്കൊടുക്കുന്നത്.