കൊടുങ്ങല്ലൂര്‍: നിരോധിത മത്സ്യബന്ധന വലകള്‍ ഉപയോഗിച്ച് തീരക്കടലില്‍ ബോട്ടുകളുടെ മീന്‍പിടിത്തം. തടയാന്‍ എത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കണ്ട് വല ഉപേക്ഷിച്ച് ബോട്ടുകാര്‍ കടന്നു കളഞ്ഞു.
അഴീക്കോട് കടലോരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ തീരക്കടലിലാണ് നിരോധിത വലയായ പെലാജിക് വല ഉപയോഗിച്ച് യന്ത്രവത്കൃത മത്സ്യബന്ധനബോട്ട് അനധികൃത മീന്‍പിടിത്തം നടത്തിയത്. സമീപത്ത് മീന്‍പിടിച്ചുകൊണ്ടിരുന്ന അയ്യപ്പ എന്ന പരമ്പരാഗത മീന്‍പിടിത്ത വള്ളത്തിലെ തൊഴിലാളികള്‍ക്ക് സംഭവം മനസ്സിലാകുകയും ഇവര്‍ തടയുന്നതിന് പാഞ്ഞെത്തുകയുമായിരുന്നു.
ഇത് കണ്ട ബോട്ടുകാര്‍ ഏകദേശം രണ്ടര ലക്ഷം വരുന്ന വലമുറിച്ച് കടന്നു കളയുകയായിരുന്നു. രണ്ട് ബോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് 500 മീറ്റര്‍ വീതിയില്‍ അടിമുതല്‍ മുകള്‍പ്പരപ്പ് വരെ ചെറുമത്സ്യങ്ങളെ വരെ കോരിയിടുന്ന തരത്തിലുളള വലയാണ് ഉപയോഗിച്ചിരുന്നത്. വല അഴീക്കോട് തീരദേശ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നുമെത്തിയ ബോട്ടാണ് പെലാജിക് വല ഉപയോഗിച്ചതെന്നാണ് പറയുന്നത്.
പെലാജിക് വല ഉപയോഗിക്കുന്നതു തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ പി.വി. ജനാര്‍ദ്ദനന്‍, ജാക്‌സന്‍, അഷറഫ് പൂവ്വത്തിങ്കല്‍, കെ.കെ. രവി തുടങ്ങിയവര്‍ സംസാരിച്ചു.