ചാവക്കാട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തില്‍ തിരയടിച്ചുനശിച്ചത് അടുത്ത ദിവസങ്ങളില്‍ വിരിഞ്ഞിറങ്ങുമായിരുന്ന ആയിരത്തിലേറെ കടലാമമുട്ടകള്‍. ഒരു മാസത്തിലേറെ രാത്രിയും പകലുമായി കൂടുകള്‍ക്ക് കാവലിരുന്നിട്ടും അപ്രതീക്ഷിതമായുണ്ടായ വേലിയേറ്റത്തിരകള്‍ കൂട്ടിലേക്കെത്തിയത് കടലാമസംരക്ഷണ പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി.

പെണ്‍കടലാമ കടലിനോടു ചേര്‍ന്ന് മണലില്‍ മുട്ടയിട്ടുപോകുന്നത് തിരയടിക്കാത്ത സുരക്ഷിത സ്ഥാനത്തുള്ള ഹാച്ചറികളിലേക്കു മാറ്റിസ്ഥാപിക്കുന്നത് തീരദേശത്തെ കടലാമസംരക്ഷണ പ്രവര്‍ത്തകരാണ്. ഇത്തരത്തില്‍ ചാവക്കാട്, പുത്തന്‍കടപ്പുറം, എടക്കഴിയൂര്‍ എന്നിവിടങ്ങളിലായി പത്തിലേറെ കടലാമക്കൂടുകളാണ് ഉണ്ടായിരുന്നത്. ഓരോ കൂട്ടിലും നൂറിലേറെ മുട്ടകളുമുണ്ടായിരുന്നു.

കടലേറ്റത്തില്‍ തിരയടിച്ച് മുട്ടകള്‍ നനഞ്ഞതോടെ ഇവ ഇനി വിരിയാനുള്ള സാധ്യത വിരളമാണെന്നു കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു. വര്‍ഷങ്ങളായി തിരയടിച്ചുകയറാത്ത ഭാഗമാണ് കടലാമമുട്ടകള്‍ സൂക്ഷിക്കുന്ന ഹാച്ചറികള്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ കടലേറ്റം എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ച് ഹാച്ചറികള്‍ നിര്‍മിച്ച ഭാഗത്തേക്ക് എത്തിയതാണ് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാക്കിയത്.

ഓഖി ചുഴലിക്കാറ്റുമൂലം ഇത്തവണ കടലാമകള്‍ വൈകിയാണ് മുട്ടയിടാനെത്തിയത്. എന്നാല്‍ ഓഖിക്ക് ശേഷം നൂറോളം കടലാമകളാണ് ചാവക്കാട്ടെ പഞ്ചാരമണലില്‍ കൂടുവെയ്ക്കാനെത്തിയത്. കേരളത്തില്‍ കടലാമകള്‍ ഏറ്റവും കൂടുതല്‍ മുട്ടയിടാനെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ചാവക്കാടെന്ന് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ് പറഞ്ഞു.