ഇരിങ്ങാലക്കുട: ഭവനപദ്ധതിയുടെ പേരില്‍ ഇരിങ്ങാലക്കുട നഗരസഭ മുന്‍ കൗണ്‍സിലര്‍ വഞ്ചിച്ചതായി പരാതി. പ്ലക്കാര്‍ഡും പിടിച്ച് പരാതിക്കാരനായ മതിലകം കുരുതുകുളം വീട്ടില്‍ ബിജു (37) മുന്‍കൗണ്‍സിലറുടെ സ്ഥാപനത്തിനു മുന്നില്‍ സമരംതുടങ്ങി.

കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ലോറന്‍സ് ചുമ്മാറിനെതിരേയാണ് പരാതി. കാരുകുളങ്ങര ചുങ്കത്ത് അഞ്ച് സെന്റ് സ്ഥലത്ത് 600 ചതുരശ്ര അടി വീട് നിര്‍മിച്ച് നല്‍കാമെന്നുപറഞ്ഞ് പത്തുമാസം മുന്‍പ് തന്റെ കൈയില്‍നിന്ന് മൂന്നരലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായി ബിജു പറഞ്ഞു. പണിപൂര്‍ത്തീകരിക്കുമ്പോള്‍ 19ലക്ഷം നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍ 10മാസങ്ങള്‍ പിന്നിട്ടിട്ടും വീടുനിര്‍മാണം ആരംഭിച്ചിട്ടില്ല. ഇതിനെത്തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാമെന്ന് ലോറന്‍സ് ചുമ്മാര്‍ സമ്മതിച്ചതായും പറയുന്നു. എന്നാല്‍ ഇതുവരേയും പണം തിരിച്ചു നല്‍കിയില്ലെന്ന് ബിജു പറഞ്ഞു.

എന്നാല്‍ ബിജുവിന് വീടു നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ സ്ഥലം നിര്‍മാണയോഗ്യമല്ലായിരുന്നെന്ന് ലോറന്‍സ് പറഞ്ഞു. ഇതു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 15നു മുന്‍പായി പണം തിരിച്ചു നല്‍കാമെന്ന് ധാരണ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ബിജുവിന് പണം തിരിച്ചുനല്‍കുമെന്നും 17 വര്‍ഷമായി സ്ഥാപനം നടത്തുന്നതായും ഇതുവരെ തനിക്കെതിരേ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.