ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ 'വിഷന്‍-2020' എന്ന വികസന പദ്ധതികളിലേക്ക് ഭക്തജനങ്ങളില്‍നിന്നുള്ള സംഭാവന ശേഖരണത്തിന് തുടക്കമായി. നടന്‍ ദിലീപ് ഉദ്ഘാടനം നിര്‍വഹിച്ചു. 352 കോടി രൂപയുടെ പദ്ധതികളാണ് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത്.
 
വെള്ളിയാഴ്ച രാത്രി ചടങ്ങില്‍ ചെന്നൈ രഘുനാഥ നാരായണന്‍, സുന്ദര്‍മേനോന്‍, വരദരാജന്‍ കോയമ്പത്തൂര്‍, എം.സി.എസ്. മേനോന്‍ എന്നിവരാണ് തുക നല്‍കിയത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വികസനത്തിന് താനും പങ്കാളിയാകുന്നുണ്ടെന്ന് ദിലീപ് അറിയിച്ചു.
 
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ് അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ. സുരേശന്‍, കെ. കുഞ്ഞുണ്ണി, കെ. ഗോപിനാഥന്‍, പി.കെ. സുധാകരന്‍, സി. അശോകന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി സഹകരിക്കുന്ന വിവിധ ബാങ്കുകളുടെ മാനേജര്‍മാരും പങ്കെടുത്തു.
 
വിഷന്‍ 2020 പദ്ധതിക്ക് സംഭാവന ഓണ്‍ലൈന്‍വഴി അയക്കാന്‍ ഗുരുവായൂരിലെ 11 ബാങ്കുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെ അരക്കോടിയിലേറെ രൂപ ബാങ്കുവഴി ലഭിച്ചു. ഇനി മുതല്‍ സംഭാവനകള്‍ ദേവസ്വത്തിന് നേരിട്ടും നല്‍കാം. ദേവസ്വത്തിന്റെ സ്ഥാപനങ്ങളില്‍ ഇതിനായി കൗണ്ടറുകള്‍ തുറക്കുന്നുണ്ട്.