ഗുരുവായൂര്‍: ദിനംപ്രതിയെന്നോണം ഗുരുവായൂരില്‍ ഭക്തജനത്തിരക്കേറുകയാണ്. പക്ഷേ, ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമൊന്നും ഇവിടെ ഉണ്ടാകുന്നില്ല. ആയിരം രൂപ മുടക്കിയാല്‍ വരിയില്‍ നില്‍ക്കാതെ ഭഗവാനെ അടുത്തുകാണാം. പക്ഷേ, ചെറിയ വഴിപാടിനുള്ള പണവും ബസ്‌കൂലിയും മാത്രമായി വരുന്ന ഗുരുവായൂരപ്പഭക്തരുമുണ്ട്. അവരുടെ ബുദ്ധിമുട്ടുകള്‍ ആരും കാണുന്നില്ല.

ഡോര്‍മെറ്ററികളോ ചുരുങ്ങിയ നിരക്കില്‍ താമസിക്കാനുള്ള ഇടമോ ഇല്ലാത്തതിനാല്‍ ഗുരുവായൂരില്‍ ഒരു ദിവസവും തങ്ങുന്ന പാവപ്പെട്ട ഭക്തര്‍ക്ക് മാനത്ത് നോക്കിക്കിടക്കേണ്ട സ്ഥിതിയാണ്. 1978-ല്‍ തെക്കേനടയില്‍ പാവപ്പെട്ട ഭക്തരെ ഉദ്ദേശിച്ചാണ് സത്രം പണിതത്. രണ്ടു ഹാളുകളിലായി 150 ഓളം പേര്‍ക്ക് വിശ്രമിക്കാം. കട്ടിലും പായയും തലയിണയും ഉണ്ട്. ഒരാള്‍ക്ക് ഒരു ദിവസത്തേയ്ക്ക് പത്തുരൂപ നല്‍കിയാല്‍ മതി.

എന്നാല്‍, കുറേ നാളായി സത്രം പോലീസുകാരുടേതാണ്. ഗുരുവായൂര്‍ ക്ഷേത്രസുരക്ഷാ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പോലീസിന് കിടക്കാന്‍ സത്രം കെട്ടിടംതന്നെ ദേവസ്വം നല്‍കിയപ്പോള്‍ സാധാരണക്കാരായ ഭക്തര്‍ക്ക് ലഭിക്കേണ്ട സൗകര്യമാണ് ഇല്ലാതായത്.

ഒഴിഞ്ഞുകിടക്കുന്ന പി.ആര്‍.ഒ. ക്വാര്‍ട്ടേഴ്‌സ്

വടക്കേ ഔട്ടര്‍ റിങ് റോഡിനടുത്ത് പി.ആര്‍.ഒ. ക്വാര്‍ട്ടേഴ്‌സ് എന്നറിയപ്പെടുന്ന ദേവസ്വം കെട്ടിടമുണ്ട്. അവിടെ മുറികള്‍ ഉപയോഗിക്കാതെ ഒഴിഞ്ഞു കിടക്കുകയാണ്. സത്രത്തില്‍ താമസിക്കുന്ന പോലീസുകാരെ പി.ആര്‍.ഒ. ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റണമെന്ന നിര്‍ദേശം ദേവസ്വം അധികൃതര്‍ക്കിടയില്‍ത്തന്നെയുണ്ട്. പോലീസിന്റെ വലിയ വാഹനങ്ങള്‍ നിര്‍ത്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

കുറൂരമ്മ ഭവനം കൂടുതല്‍ വിപുലപ്പെടുത്താം

കഴിഞ്ഞ ദേവസ്വം ഭരണസമിതിയാണ് പടിഞ്ഞാറേ നടയില്‍ കുറൂരമ്മഭവനം തുടങ്ങിയത്. ഒറ്റയ്ക്ക് ഗുരുവായൂരില്‍ വരുന്ന സ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ ദിവസം താമസിക്കാന്‍ ഉദ്ദേശിച്ചാണിത്. ഇപ്പോള്‍ പതിവായി താമസിക്കാനെത്തുന്നത് നാലോ അഞ്ചോ സ്ത്രീകള്‍ മാത്രമാണ്.

ഏറെ സൗകര്യങ്ങളുള്ള കെട്ടിടമാണിത്. ഇത് കൂടുതല്‍ വിപുലപ്പെടുത്താവുന്നതാണെന്ന് ഭക്തര്‍തന്നെ പറയുന്നു. താത്കാലിക ഷെഡ്ഡുകള്‍ കെട്ടി പാവങ്ങളായ ഭക്തജനങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കാവുന്നതാണ്.

കൗസ്തുഭം സാധാരണക്കാരന് അപ്രാപ്യം

ദേവസ്വത്തിന്റെ കൗസ്തുഭം ഗസ്റ്റ് ഹൗസില്‍ രണ്ടു കിടക്കയുള്ള മുറിക്ക് വെറും 300 രൂപയേ ഉള്ളൂ. സാധാരണ ഭക്തരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നിരക്കല്ല. പക്ഷേ,അവര്‍ക്ക് പലപ്പോഴും ഈ മുറികള്‍ കിട്ടാറില്ല.

സ്വാധീനമുള്ളവര്‍ നേരത്തേ മൊത്തമായി ബുക്ക് ചെയ്തുവെച്ചിട്ടുണ്ടാകും. ഗുരുവായൂരില്‍ ഏറ്റവും ചുരുങ്ങിയ താമസനിരക്കുള്ള സ്ഥലവും ദേവസ്വത്തിന്റെ കൗസ്തുഭമാണ്. അതുകൊണ്ട് കൗസ്തുഭം എപ്പോഴും പാവങ്ങളായ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ നല്‍കണമെന്നാണ് പൊതുവായ ആവശ്യം.

'നൈറ്റ് ഷെല്‍ട്ടര്‍' ആരംഭിക്കാം

മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ഥാടനകേന്ദ്രങ്ങളില്‍ 'നൈറ്റ് ഷെല്‍ട്ട'റുകളുണ്ട്. സൗജന്യ നിരക്കില്‍ കട്ടിലും പായയും തലയിണയും നല്‍കും. തിരിച്ചറിയാല്‍കാര്‍ഡ് വേണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സ്ഥലമാണ്.

ഗുരുവായൂരില്‍ 250-ഓളം ലോഡ്ജുകളുണ്ട്. അവിടെ താമസിക്കണമെങ്കില്‍ ഒരു ദിവസത്തേയ്ക്ക് ചുരുങ്ങിയത് 750 രൂപയും നികുതിയും നല്‍കണം. ഇനി പണമുണ്ടെങ്കില്‍ത്തന്നെയും തിരക്കുള്ള ദിവസങ്ങളില്‍ മുറി കിട്ടാതെ വലയുന്ന ധാരാളം കുടുംബങ്ങളെ കാണാം.

രാത്രിയില്‍ മേല്‍പ്പുത്തുര്‍ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്ത് ടൈല്‍ വിരിച്ചിടത്ത് കിടന്നുറങ്ങേണ്ടി വരുന്ന ഭക്തജനങ്ങളുടെ നിവൃത്തികേട് ദേവസ്വം കണ്ടില്ലെന്നു നടിക്കരുത്. തെക്കേ നടപ്പുരയില്‍ രാത്രിയില്‍ ആരെയും കിടക്കാന്‍ അനുവദിക്കാറില്ല. വെളുപ്പിന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍നിന്നുള്ള വി.ഐ.പി.കള്‍ക്ക് ക്ഷേത്രത്തിലേക്ക് വരുമ്പോള്‍ തടസ്സമാകരുത് എന്നുകൂടി കരുതിയാണ് നടപ്പുരയില്‍നിന്ന് ഭക്തരെ ആട്ടിപ്പായിക്കുന്നതെന്നും ആരോപണമുണ്ട്.