ഗുരുവായൂര്‍: ക്ഷേത്രനടപ്പുരയുടെ മുകള്‍ഭാഗം പെയിന്റ് ചെയ്യാനായി കൊണ്ടുവന്ന ഇരുമ്പിന്റെ വലിയ കോണി ദര്‍ശനത്തിനുള്ള വരിക്ക് തടസ്സമുണ്ടാക്കുന്നു. പണികള്‍ നടക്കാത്ത ദിവസങ്ങളിലും നടപ്പുരയില്‍നിന്ന് ഇത് മാറ്റാത്തത് ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ക്ഷേത്രനടയില്‍നിന്ന് ഭക്തരെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സിന്റെ വഴിയും മുടക്കിനില്‍ക്കുകയാണ് ഈ കോണി.

ഇക്കഴിഞ്ഞ ദിവസങ്ങള്‍ പൊതുഅവധിയായതിനാല്‍ ഗുരുവായൂരില്‍ നല്ല തിരക്കായിരുന്നു. നടപ്പുരയില്‍ നാലുവരിയായാണ് ഭക്തരുടെ നിരയുണ്ടായിരുന്നത്. അതിനിടയിലാണ് കോണിയും.

തുടര്‍ച്ചയായ പൊതു അവധിദിനങ്ങളില്‍ നടപ്പുരയില്‍ നിന്നുതിരിയാനിടമുണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും കോണി മാറ്റാതിരുന്നതില്‍ വലിയ പ്രതിഷേധമുണ്ട്. കഴിഞ്ഞ നാലുദിവസങ്ങളായി പെയിന്റടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.