ഗുരുവായൂര്‍: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന മാലിന്യസംസ്‌കരണ പ്ലാന്റുകളുടെ പുതിയ മാതൃകകള്‍ ശാസ്ത്രമേളയില്‍ ചര്‍ച്ചയായി. മാലിന്യങ്ങള്‍ വാഹനത്തില്‍ ശേഖരിക്കുന്നതുമുതല്‍ അവ വേര്‍തിരിച്ചശേഷം സംസ്‌കരണ പ്രക്രിയയിലൂടെ ജൈവവളമാക്കും.

പിന്നീട് പാചക വാതകവും നിര്‍മിച്ചെടുക്കാവുന്ന പദ്ധതികളുടെ ചെറുശാലകളാണ് കുട്ടികള്‍ പരിചയപ്പെടുത്തിയത്. തൃപ്രയാര്‍ എസ്.വി.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വകയായിരുന്നു ഇത്. അന്തരീക്ഷത്തില്‍നിന്ന് വിവിധ ഘട്ടങ്ങളിലൂടെ മെഥനോണ്‍ ഉത്പാദിപ്പിച്ച് പെട്രോളിനുപകരം ഉപയോഗിക്കാവുന്ന പദ്ധതി മമ്മിയൂര്‍ എല്‍.എഫ്. സ്‌കൂളിലെ കുട്ടികള്‍ പരിചയപ്പെടുത്തി. പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ച് സംസ്‌കരിക്കുന്ന പ്ലാന്റിന്റെ മാതൃകയും മേളയിലുണ്ടായി.

മമ്മിയൂര്‍ എല്‍.എഫ്. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സയന്‍സ് ഇനങ്ങളുടെ മേള നടന്നത്.