ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ വിനീത്കൃഷ്ണന്‍ ചരിഞ്ഞു. ഇരുകാലിനും നീരുബാധിച്ച് രണ്ടുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വെളുപ്പിനായിരുന്നു ആന ചരിഞ്ഞത്. 40 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച രോഗം മൂര്‍ച്ഛിച്ചു.

കെട്ടുംതറിയില്‍ കുഴഞ്ഞുവീഴുകയുമുണ്ടായി. ക്രെയിന്‍ കൊണ്ടുവന്നാണ് എഴുന്നേല്‍പ്പിച്ചത്. പിന്നീട് ആന ഏറെ ക്ഷീണിതനായിരുന്നു.

ഡോ. മുരളീധരന്‍, ഡോ. കെ. വിവേക് എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സയും പ്രത്യേക പരിപാലനവുമായി ആനയെ നിരീക്ഷിച്ചുവരുകയായിരുന്നു. എം.സി. രാധാകൃഷ്ണന്‍, കെ.ടി. രാധാകൃഷ്ണന്‍, ടി.കെ. സിദ്ധാര്‍ഥന്‍ എന്നിവരായിരുന്നു പാപ്പാന്മാര്‍.

2003 ജനുവരി ഒന്നിന് എഴുത്തച്ഛന്‍ ഗ്രൂപ്പിലെ പി.എന്‍. ബലറാമാണ് വിനീത് കൃഷ്ണനെ ഗുരുവായൂരില്‍ നടയിരുത്തിയത്. വിനീത് കൃഷ്ണന്റെ വിയോഗത്തോടെ ആനക്കോട്ടയില്‍ ആനകളുടെ എണ്ണം 49 ആയി ചുരുങ്ങി.

ആനക്കോട്ടയില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം വൈകീട്ട് മൃതദേഹം വനംവകുപ്പ് കോടനാട്ടേയ്ക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. വിനീത്കൃഷ്ണന്റെ വേര്‍പാടില്‍ ഗുരുവായൂര്‍ ദേവസ്വം ദുഃഖം രേഖപ്പെടുത്തി. ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് റീത്ത് സമര്‍പ്പിച്ചു. ഗുരുവായൂര്‍ ആനപ്രേമിസംഘം അനുശോചിച്ചു.