ഗുരുവായൂര്‍: ഗുരുവായൂപ്പന് വെള്ളിയാഴ്ച ശുദ്ധി കലശമാടി. രാവിലെ പുറ്റുമണ്ണ്, നാല്‍പ്പാമരത്തൊലി, പുഷ്പാക്ഷതം, പുണ്യാഹകോപ്പ് എന്നിവയുടെ നാലുകലശങ്ങള്‍ അഭിഷേകം ചെയ്തു.

പിന്നീട് പഞ്ചഗവ്യവും പഞ്ചതത്ത്വങ്ങളെ കൊണ്ട് പൂജിച്ച അഞ്ച് കലശങ്ങളും, ഉച്ചപ്പൂജയ്ക്ക് 25 കലശവും അഭിഷേകം ചെയ്തു. തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരായിരുന്നു കാര്‍മികര്‍.

ശുദ്ധി കലശാഭിഷേക ചടങ്ങിന്റെ ഭാഗമായി രാത്രി ശ്രീഭൂതബലിയും നടന്നു. ഗുരുവായൂരപ്പന്റെ പരിവാരങ്ങള്‍ക്ക് ഓതിക്കന്‍ മുന്നൂലം സുബ്രഹ്മണ്യന്‍ നമ്പൂതിരി ബലി തൂവി. കൊമ്പന്‍ ഗോപീകണ്ണന്റെ പുറത്ത് ഭഗവാന്റെ പൊന്‍തിടമ്പ് കീഴ്ശാന്തി തിരുവാലൂര്‍ ശ്രീകുമാരന്‍ നമ്പൂതിരി എഴുന്നളളിച്ചു.