ഗുരുവായൂര്‍: കിടപ്പുരോഗിയെ ഗുരുവായൂരില്‍ കൊണ്ടുവന്ന് ഇറക്കിവിട്ടത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ആംബുലന്‍സില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കിടപ്പുരോഗിയായിരുന്ന മൂവാറ്റുപുഴ സ്വദേശി ശിവശങ്കരനെ (80)യാണ് ചൊവ്വാഴ്ച ആംബുലന്‍സില്‍ ഗുരുവായൂരില്‍ ഇറക്കിവിട്ടത്. ഇയാളെ ഒരാഴ്ച ചികിത്സിച്ചതിന്റെ പരിശോധനക്കുറിപ്പുകളടങ്ങിയ ഫയലുമായി അവശനിലയിലാണ് റോഡരികില്‍ കാണപ്പെട്ടത്.

ഡിസ്ചാര്‍ജ് ചെയ്തതായി ഫയലില്‍ സീല്‍ വെച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ആരുമില്ലാത്ത കിടപ്പുരോഗികളെ ഡിസ്ചാര്‍ജ് ചെയ്താല്‍ അവര്‍ ആവശ്യപ്പെടുന്നിടത്ത് ആംബുലന്‍സില്‍ സൗജന്യസേവനമായി എത്തിക്കും. രോഗിയെ ഈ രീതിയില്‍ റോഡരികില്‍ ഇറക്കുമ്പോള്‍ പോലീസ് സ്റ്റേഷനിലൊ ഏതെങ്കിലും സാന്ത്വന പരിചരണ സംഘടനയെയൊ അറിയിക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട് .

രാവിലെ പത്തരയ്ക്കായിരുന്നു ഇറക്കിവിട്ടത്. വൈകീട്ട് അഞ്ചരയ്ക്കാണ് ഗുരുവായൂരിലെ പൊതുപ്രവര്‍ത്തകരെത്തി ചാവക്കാട് താലൂക്ക് ആസ്​പത്രിയിലേക്ക് മാറ്റിയത്. റോഡരികിലെ സ്ലാബുകളില്‍ വീണ് നെറ്റിയില്‍നിന്ന് ചോരവാര്‍ന്നിരുന്നു. ഇയാള്‍ക്കൊപ്പം ആസ്​പത്രിയില്‍ കൂട്ടിരിപ്പിന് ഒരാള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഗുരുവായൂരില്‍ ആംബുലന്‍സില്‍ ഇറക്കിയശേഷം അയാളെ കണ്ടിട്ടില്ല. ശിവശങ്കരന്‍ ഇപ്പോള്‍ ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കളാരും ഇതുവരെ അന്വേഷിച്ചുവന്നിട്ടില്ല.