ഗുരുവായൂര്‍: കഴിഞ്ഞ ജില്ലാ ശാസ്ത്രമേളയില്‍ ക്ലേമോഡലില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച അഭിനന്ദും കാളിദാസനും ഇക്കുറിയും വാശിയേറിയ മത്സരത്തിലായിരുന്നു. കഴിഞ്ഞവര്‍ഷം മത്സരത്തില്‍ അഭിനന്ദ് ഒന്നാം സ്ഥാനവും കാളിദാസന്‍ രണ്ടാംസ്ഥാനവുമാണ് നേടിയത്. രണ്ടുപേരും അടുത്തടുത്തിരുന്ന് മത്സരിക്കുമ്പോള്‍ തൊട്ടപ്പുറത്തെ വരാന്തയിലിരുന്ന് അവരുടെ അമ്മമാരായ സഹോദരിമാര്‍ മനമുരുകി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.

ആമ്പല്ലൂര്‍ കളത്തിങ്കല്‍ അനില്‍കുമാറിന്റെയും മിനിയുടെയും മകനാണ് അഭിനന്ദ്. ഗുരുവായൂര്‍ തൈക്കാട് മുളയംകോടത്ത് വിജയന്റെയും ജിനിയുടെയും മകനാണ് കാളിദാസന്‍. മിനിയും ജിനിയും സഹോദരിമാരാണ്.

അഭിനന്ദ് തലോര്‍ ദീപ്തി സ്‌കൂളില്‍ പത്താംക്ലാസിലും കാളിദാസന്‍ ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസിലുമാണ് പഠിക്കുന്നത്.