ഗുരുവായൂര്‍: നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരിക്ക് പുതിയ ഇന്നോവ കാര്‍ വാങ്ങുന്നതിനെതിരേ പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. 17 ലക്ഷം രൂപയ്ക്ക് ഇന്നോവ കാര്‍ വാങ്ങുന്നതു സംബന്ധിച്ചുള്ള ചര്‍ച്ച വന്നപ്പോഴായിരുന്നു പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചത്.

നിലവിലുള്ള വാഹനത്തിന് തകരാറില്ലാത്ത സാഹചര്യത്തില്‍ തനതുഫണ്ടില്‍നിന്ന് വലിയ സംഖ്യ ചെലവഴിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇത് അംഗീകരിക്കണമെങ്കില്‍ വോട്ടെടുപ്പ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അനുവദിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.