ഗുരുവായൂര്‍: മതത്തെയല്ല, മനുഷ്യനെയാണ് മനുഷ്യന്‍ വിശ്വസിക്കേണ്ടതെന്നും ഭാരതീയ ഗ്രന്ഥങ്ങളുടെ സത്ത അതാണെന്നും ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ ഭാഗവതഗ്രാമം നടത്തുന്ന ശ്രീകൃഷ്ണകഥാമൃതം സപ്താഹ യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആത്മീയത വെറുമൊരു പ്രാര്‍ഥനയിലോ വിശ്വാസത്തിലോ ഒതുങ്ങിനില്‍ക്കരുതെന്ന് ഭാഗവതം ഓര്‍മിപ്പിക്കുന്നു. മനുഷ്യനെ മാനുഷിക സംസ്‌കാരങ്ങളിലേക്ക് ഉയര്‍ത്താതെ വെറും മതചിന്തകളില്‍ കുരുക്കിവെച്ചാല്‍ അത് സമൂഹത്തെ വഴിതെറ്റിക്കുമെന്ന് ഹിരണ്യകശിപു, കംസന്‍ തുടങ്ങിയവരുടെ കഥകള്‍ ഓര്‍മിപ്പിക്കുന്നു. മനുഷ്യനിലെ ഉറങ്ങിക്കിടക്കുന്ന ദൈവികശക്തിയെ ഉണര്‍ത്താനാണ് ഭാഗവതം നമ്മെ സഹായിക്കുന്നതെന്നും ഉദിത് ചൈതന്യ പറഞ്ഞു