ഗുരുവായൂര്‍: ആനക്കോട്ടയിലെ മോഴയായ ലക്ഷ്മണന് കൊമ്പുവെച്ചപ്പോള്‍ കൂടുതല്‍ സുന്ദരനും ലക്ഷണമൊത്ത ആനയുമായി. മാത്രമല്ല, ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലിയെഴുന്നള്ളിപ്പിന് 'പുതുകൊമ്പ'നായി എത്തിയപ്പോള്‍ അവന്റെ ഗമയൊന്നുവേറെയായിരുന്നു.

രാപ്പാള്‍ സ്വദേശിനിയായ ചന്ദ്രിക രാമനുണ്ണിയാണ് ബാലകൃഷ്ണന് കൊമ്പുകള്‍ വഴിപാടായി നല്‍കിയത്. 17,000 രൂപ ചെലവുവന്നു. ഞായറാഴ്ച വൈകിട്ട് ക്ഷേത്രം തെക്കേനടയില്‍ വഴിപാടുകാരുടെയും ആനപ്രേമികളുടെയും ദേവസ്വം ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു കൊമ്പു പിടിപ്പിച്ചത്. പാപ്പാന്മാരായ മനീഷും അജയനും നേതൃത്വം നല്‍കി.

മാസങ്ങള്‍ക്കുമുമ്പ് മോഴ ബാലകൃഷ്ണന് കൊമ്പ് ഘടിപ്പിച്ചിരുന്നു. ആനപ്രേമിസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. ഉദയന്റെ വകയായിരുന്നു അത്. മോഴയായതുകാരണം ലക്ഷ്മണനും ബാലകൃഷ്ണനുമൊക്കെ എഴുന്നള്ളിപ്പുകളില്‍ മുന്‍നിരയിലെത്താറില്ല.

ഇപ്പോള്‍ ആനക്കോട്ടയിലെ മോഴകള്‍ക്കെല്ലാം കൊമ്പുകള്‍ പിടിപ്പിച്ചുതുടങ്ങിയതോടെ അവയ്ക്കും ഡിമാന്‍ഡ് ഏറുകയായി. വെച്ച കൊമ്പുകളാണെങ്കില്‍ ഒറിജിനിലിനെ വെല്ലുന്നതുമാണ്. ചേര്‍ത്തല മാരാരിക്കുളം വിപിനാണ് കൊമ്പിന്റെ ശില്പി.